ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ വാനോളം പുകഴ്ത്തി മുന്‍ താരം ഡാരില്‍

സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ വാനോളം പുകഴ്ത്തി പ്രോട്ടീസ് മുന്‍ ബാറ്റര്‍ ഡാരില്‍ കള്ളിനന്‍. ഷമിയുടെ ബൗളിംഗ് ഇതിഹാസ പേസര്‍മാരായ ജയിംസ് ആന്‍ഡേഴ്സണെയും ഷോണ്‍ പൊള്ളോക്കിനേയും ഓര്‍മ്മിപ്പിച്ചു എന്നാണ് ഡാരില്‍ പറയുന്നത്.

‘ഷമിയുടെ സീം പൊസിഷന്‍ നോക്കുക. അത് വളരെ കൃത്യമാണ്. ഷമിയുടെ ബൗളിംഗ് കാണുന്നത് പൊള്ളോക്കിനെയും ആന്‍ഡേഴ്സണിനേയും ഓര്‍മ്മിപ്പിച്ചു. വേരിയേഷനുകളും സീം പൊസിഷനുകളും കൊണ്ട് തുടര്‍ച്ചയായി ആക്രമിക്കുകയാണ് ഷമി. അദേഹത്തിന്റെ ലൈനും ലെങ്തും ബാറ്റര്‍മാര്‍ക്ക് പിടികിട്ടുന്നില്ല’ എന്നും ഡാരില്‍ കള്ളിനന്‍ പറഞ്ഞു.

അഞ്ച് വിക്കറ്റുമായി മുഹമ്മദ് ഷമിയായിരുന്നു ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ 327 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ മൂന്നാം ദിനം 197ല്‍ പുറത്താക്കിയത്. 16 ഓവറില്‍ 44 റണ്‍സ് വഴങ്ങിയാണ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടം. എയ്ഡന്‍ മര്‍ക്രാം, കീഗന്‍ പീറ്റേഴ്സണ്‍, തെംബ ബാവുമ, വിയാന്‍ മുള്‍ഡര്‍, കാഗിസോ റബാഡ എന്നിവരെ ഷമി പുറത്താക്കിയിരുന്നു.