പി ടി തോമസ് സ്വീകരിച്ചിരുന്ന നിലപാടുകളായിരുന്നു ശരി; ഒപ്പം നിൽക്കാതിരുന്നത് ബാഹ്യസമ്മർദ്ദം കാരണമെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പി ടി തോമസിനെ അനുസ്മരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പി ടി തോമസ് സ്വീകരിച്ചിരുന്ന നിലപാടുകളായിരുന്നു ശരിയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. പി.ടി തോമസ് പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നായിരുന്നു. ഗാഡ്ഗിൽ വിഷയത്തിൽ അദ്ദേഹത്തോടൊപ്പം നിൽക്കാൻ കഴിയാത്തത് ബാഹ്യസമ്മർദ്ദം മൂലമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കെ.എസ്.യു സംഘടിപ്പിച്ച പി.ടി തോമസ് അനുസ്മരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പി.ടി തോമസിന് ഉള്ളിൽ ഒരു കാര്യം വെച്ച് മറ്റൊന്ന് പ്രവർത്തിക്കുന്ന സ്വഭാവം ഇല്ലായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടെ പി.ടി നിലപാടിൽ ഉറച്ച് നിന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കണം എന്നുണ്ടായിരുന്നു എങ്കിലും അതിന് കഴിഞ്ഞില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

എ ഗ്രൂപ്പ് നേതാവായിരുന്നിട്ടും പി.ടി തോമസിന് ഒപ്പം നേതാക്കൾ നിൽക്കാത്തത് അദ്ദേഹത്തെ ഗ്രൂപ്പിൽ നിന്ന് പോലും അകലം പാലിക്കാൻ പിന്നീട് പ്രേരിപ്പിച്ചിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചതിന്റെ പേരിൽ പി.ടിക്ക് ഇടുക്കി സീറ്റ് പോലും നിഷേധിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.