സുരക്ഷയൊരുക്കേണ്ടവരുടെ സുരക്ഷ ത്രിശങ്കുവില്‍ !

2018-19ല്‍ സംസ്ഥാനത്തെ പോലീസ് സേനയുടെ നവീകരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചത് 17.78 കോടി രൂപയാണ്. എന്നാല്‍, സംസ്ഥാനം ചിലവഴിച്ചതോ വെറും 2.17 കോടി മാത്രം. 2019-20 ല്‍ കേന്ദ്രം 54.01 കോടി അനുവദിച്ചെങ്കിലും ആ സാമ്പത്തിക വര്‍ഷം ഒരു രൂപ പോലും ചിലവഴിച്ചില്ലെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ഇത് കാരണം 2020-21, 2021-22 വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട തുക കേന്ദ്രം നല്‍കിയിട്ടില്ല. ഇത്രയും കോടി രൂപ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടും ഫണ്ടുകള്‍ വിനിയോഗിക്കാത്തതിനാല്‍ ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങള്‍ നിലവില്‍ നമ്മുടെ കേരളാ പോലീസിന് ഇല്ലാത്ത അവസ്ഥയാണുള്ളത്. എന്നാല്‍, കേരളാ പോലീസിന് വേണ്ടി ഹെലികോപ്റ്റര്‍ സര്‍വീസ് നടത്താന്‍ ചിലവിടുന്നതോ പ്രതിമാസം 80 ലക്ഷം രൂപയും.

വ്യക്തമായി പറഞ്ഞാല്‍ സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളുടെ നവീകരണം, പരിശീലന കേന്ദ്രങ്ങള്‍, ആധുനിക ആയുധങ്ങള്‍, വാഹനങ്ങള്‍ ആശയവിനിമയ ഉപകരണങ്ങള്‍, ഫോറന്‍സിക് സജ്ജീകരണം തുടങ്ങിയവക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത്. എന്നാല്‍, ഈ ഫണ്ട് ചിലവഴിക്കുന്നതിലാണ് കേരള പോലീസ് അലംഭാവം കാട്ടുന്നത്. ഇത്തരം ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിലുള്ള അലംഭാവമാണ് കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടായ അക്രമം പോലുള്ളവയില്‍ കൊണ്ടെത്തിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ പോലീസ് സേന ഒട്ടും സുരക്ഷിതരല്ല.

ഇതൊന്നും കൂടാതെ, സൈബര്‍ കുറ്റങ്ങള്‍, സാമ്പത്തിക തട്ടിപ്പ്, തീവ്രവാദം, ഭീകര പ്രവര്‍ത്തനം എന്നിവയാണ് പോലീസിന് നേരിടേണ്ട ഭീഷണികള്‍. സ്വാധീനമുള്ളവര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ പോലീസ് നേരിടേണ്ടി വരുന്നതോ സ്ഥലംമാറ്റവും.