സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി. പന്തെറിയുന്നതിനിടെ വലതുകാലിന് പരിക്കേറ്റ ഇന്ത്യയുടെ പ്രധാന ബൗളര്‍ ജസ്പ്രീത് ബുമ്ര തല്‍ക്കാലത്തേക്ക് കളിക്കളത്തലില്ല. താരത്തിനെ ആരോഗ്യവിദഗ്ദ്ധര്‍ പരിശോധിക്കുകയാണെന്നും പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് പറയാറായിട്ടില്ലെന്നും ദേശീയ ടീം വൃത്തങ്ങള്‍ അറിയിച്ചു.
ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ ആറാമത്തെ ഓവറിന്റെ അഞ്ചാം പന്തിലായിരുന്നു പരിക്കേറ്റത്. പന്തെറിഞ്ഞതിന് ശേഷമുള്ള ഫോളോ ത്രൂവിനിടെ ബുമ്രയ്ക്ക് കാലില്‍ വേദന അനുഭവപ്പെടുകയും ക്രീസില്‍ തന്നെ താരം വീഴുകയുമായിരുന്നു. പ്രാഥമിക ചികിത്സ ഗ്രൗണ്ടില്‍ വച്ച് തന്നെ നല്‍കിയെങ്കിലും വേദനയെ തുടര്‍ന്ന് താരം ഡ്രെസിംഗ് റൂമിലേക്ക് മടങ്ങി. ബുമ്രയ്ക്ക് പകരം ശ്രേയസ് അയ്യര്‍ ഫീല്‍ഡിംഗിന് ഇറങ്ങി.

