കോണ്‍ഗ്രസ് സ്ഥാപകദിനാഘോഷത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ പൊട്ടി വീണു; ക്ഷുഭിതയായി സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: 137 ആം സ്ഥാപക ദിനാഘോഷത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത്
ഉയര്‍ത്തിയ പതാക പൊട്ടിവീണു. സംഭവത്തില്‍ ക്ഷുഭിതയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയര്‍ത്താതെ മടങ്ങി. 9.45ന് സോണിയാ ഗാന്ധിയുടെ പതാക വന്ദനം നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോണ്‍ഗ്രസിന്റെ സേവാ ദള്‍ വിഭാഗം ക്രമീകരണങ്ങളില്‍ വരുത്തിയിട്ടുള്ള അപാകതകളാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

പതാക ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചരട് പൊട്ടി സോണിയയുടെ ദേഹത്ത് വീഴുകയായിരുന്നു. പിന്നീട് ചരടില്‍ കെട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ കൈ കൊണ്ട് പതാക ഉയര്‍ത്തി കാണിക്കേണ്ടിവന്നു. ക്ഷുഭിതയായ സോണിയ ഗാന്ധി പതാക ഉയര്‍ത്താതെ മടങ്ങുകയായിരുന്നു. പിന്നീട് നേതാക്കള്‍ അനുനയിപ്പിച്ച് സോണിയയെ തിരികെ കൊണ്ടുവരുകയും 15 മിനിറ്റിന് ശേഷം ചടങ്ങുകള്‍ ആവര്‍ത്തിക്കുകയുമായിരുന്നു.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നോക്കി നില്‍ക്കെയാണ് സംഭവം. ക്രമീകരണങ്ങള്‍ കൃത്യമായി നടത്താത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.