കൊൽക്കത്ത: മിഷനറീസ് ഓഫ് ചാരിറ്റി സംഘടനയുടെ എഫ്സിആർ അക്കൗണ്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചിട്ടില്ല. സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ സംഘടന രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. സംഘടനയുടെ എഫ്സിആർ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയോ, മരവിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കേന്ദ്ര സർക്കാരിനെതിരെ മമത ബാനർജി നുണ പ്രചാരണമാണ് നടത്തുന്നതെന്നും മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ എം പ്രേമ എംസി അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രേമയുടെ പ്രതികരണം.
മദർതെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സംഘടനയുടെ എഫ്സിആർ അക്കൗണ്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചുവെന്നായിരുന്നു മമത ബാനർജി അറിയിച്ചത്. ട്വിറ്ററിലൂടെയാണ് മമത ബാനർജി ഇക്കാര്യം ആരോപിച്ചത്.
അതേസമയം മമതയുടെ നുണ പ്രചരണത്തിനെതിരെ സഭാ വക്താവും രംഗത്തെത്തിയിട്ടുണ്ട്. ക്രിസ്ത്യൻ സഭാവോട്ടുകളിൽ കണ്ണുനട്ടുള്ളതാണ് മമത ബാനർജിയുടെ പ്രസ്താവനയെന്ന് കരുതുന്നുവെന്ന് സഭാ വക്താവ് സുനിത കുമാർ പ്രതികരിച്ചു. അക്കൗണ്ട് മരവിപ്പിച്ചതായി അറിവില്ല. തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നും കേന്ദ്രം ഇത്തരമൊരു കാര്യം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ ബാങ്കിടപാടുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാം സുഗമമാണെന്നും സുനിത കുമാർ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മമത ബാനർജിയുടെ ആരോപണം തള്ളി. വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുവാദമാണ് പുതുക്കി നൽകാത്തത്. മതിയായ രേഖകളില്ലാത്തതിനാൽ 25 ന് അപേക്ഷ തള്ളിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമാക്കി.

