കോഴിക്കോട്: കോൺഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തരൂരിനെ നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ശശി തരൂരിനെ നിയന്ത്രിക്കേണ്ടത് അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം ആണ്. ഇക്കാര്യത്തിൽ നേതൃത്വം ഇടപെടണം. സാധാരണ കോൺഗ്രസ് പ്രവർത്തകർ രാവും പകലും കഷ്ടപ്പെട്ടാണ് ശശി തരൂരിനെ വിജയിപ്പിച്ചതെന്നും ശശി തരൂർ പാർട്ടിയെ മറന്നു കൊണ്ട് അഭിപ്രായം പറയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പാർട്ടി എല്ലാ കാലത്തും അച്ചടക്കം ഉയർത്തി പിടിക്കുന്നവരുടെ പാർട്ടിയാണ്. പാർട്ടി കൂറുള്ള ആരും പാർട്ടിയുടെ നിലപാട് മറന്ന് അഭിപ്രായം പറയില്ല. തരൂർ പാർട്ടിയുടെ അഖിലേന്ത്യ നേതാവും എം.പിയുമായതിനാൽ കൂടുതൽ അഭിപ്രായം പറയുന്നില്ലെന്നും അഖിലേന്ത്യ നേതൃത്വമാണ് ഇക്കാര്യത്തിൽ അദ്ദേഹത്തെ നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം തരൂരിനെതിരെ എ.ഐ.സി.സിക്ക് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നാണ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കുന്നത്. തരൂരിന്റെ കാര്യത്തിൽ കെപിസിസി നേതൃത്വം അഭിപ്രായം പറഞ്ഞിട്ടുണ്ട്. അത് ദേശീയ നേതൃത്വത്തിന് ബോധ്യമുള്ളതാണെന്നും വിഷയം തങ്ങളുടെ മുന്നിൽ വരുമ്പോൾ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശശി തരൂരിന് പിന്തുണയുമായി രംഗത്തെത്തി. കെ റെയിൽ പദ്ധതിയിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പമാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
കെ റെയിൽ പദ്ധതി സംബന്ധിച്ച് യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് തരൂർ തനിക്ക് മറുപടി നൽിയെന്നാണ് വി ഡി സതീശൻ വ്യക്തമാക്കുന്നത്. കെ റെയിൽ തട്ടിപ്പാണെന്നും തട്ടിക്കൂട്ടിയ പദ്ധതിയാണെന്നും അദ്ദേഹം വിമർശിച്ചു. കെ റെയിൽ കല്ലിടരുതെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാൽ ഹൈക്കോടതിയെ വരെ ഗവൺമെന്റ് പരിഹസിക്കുകയാണ്. സർവേ നടത്താതെ, എസ്റ്റിമേറ്റ് റിപ്പോർട്ട് ഇല്ലാതെ, പാരിസ്ഥിതിക പഠനം നടത്താതെ സാമൂഹിക ആഘാത പഠനം നടത്താതെ കേന്ദ്ര ഗവൺമെന്റിന്റെ അനുമതിയില്ലാതെ, റയിൽവെയുടെ അനുമതിയില്ലാതെ എങ്ങോട്ടാണ് മുഖ്യമന്ത്രി പദ്ധതിയുമായി പോകുന്നതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

