ഡിയോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍; മികച്ച നടന്‍ ജോജു ജോര്‍ജ്, നടി റിമ കല്ലിങ്കല്‍

ഡിയോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരത്തിന് നടന്‍ ജോജു ജോര്‍ജ് അര്‍ഹനായി. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തിലൊരുങ്ങിയ നായാട്ടിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഇതിന് പുറമെ ഏറ്റവും മികച്ച രണ്ടാമത്തെ ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും നായാട്ടിന് ലഭിച്ചു. നായാട്ട് എന്ന ചിത്രത്തെ കുറിച്ചും ജോജുവിന്റെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായമാണ് ജൂറി പങ്കുവെച്ചത്. സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രത്തിലൂടെ റിമ കല്ലിങ്കലിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. ‘ബറാ ബറ’ എന്ന ഹിന്ദി ചിത്രമാണ് ഏറ്റവും മികച്ച ചലച്ചിത്രം.

നായാട്ടിലെ മണിയന്‍ എന്ന കഥാപാത്രമായി ജോജു ജോര്‍ജ്ജിന്റെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ രചന ഷാഹി കബീര്‍ ആണ്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മ്മാണം. ഷൈജു ഖാലിദാണ് ഛായാഗ്രഹണം.

ഗിരിഷ് കാസറവളളി , മനീഷ കൊയ്രാള, സുരേഷ് പൈ, സുദീപ് ചാറ്റര്‍ജി, സച്ചിന്‍ ചാറ്റെ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. 84 രാജ്യങ്ങളില്‍ നിന്നുള്ള 130ലധികം സിനിമകള്‍ ആണ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്. ഡല്‍ഹിയിലെ സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തിലെ ഗ്രൗണ്ടിലായിരുന്നു മേള നടന്നത്.