സ്റ്റാറ്റസുകളില്‍ മാറ്റം വരുത്താനൊരുങ്ങി വാട്‌സ്ആപ്പ്‌

ന്യൂയോര്‍ക്ക്: വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ പുതിയ മാറ്റങ്ങള്‍ ആവിഷ്‌കരിക്കാനൊരുങ്ങുകയാണ് കമ്പനി ഇപ്പോള്‍. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇടാന്‍ എടുക്കുന്ന വീഡിയോ അല്ലെങ്കില്‍ സന്ദേശം സ്റ്റാറ്റസ് ആക്കുന്നതിനൊപ്പം തന്നെ അല്ലെങ്കില്‍ ഡയറക്ട് സന്ദേശമായി ആര്‍ക്കെങ്കിലും അയക്കാമെന്നതാണ് ഇതിന്റെ പുതിയ പ്രത്യേകത. വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ കാര്യം പുറത്തുവിട്ടത്.

സ്റ്റാറ്റസ് സന്ദേശം ആര്‍ക്കാണോ ഡയറക്ട് സന്ദേശമായി അയക്കേണ്ടത് അത് അയക്കും മുന്‍പ് എഡിറ്റ് ചെയ്യാനുള്ള സംവിധാനവും ലഭ്യമാക്കും. ഇന്‍സ്റ്റഗ്രാമില്‍ അടക്കം ഈ ഫീച്ചര്‍ നേരത്തെ തന്നെ ലഭ്യമാണ്. ഇതാണ് ഇപ്പോള്‍ വാട്ട്‌സ്ആപ്പിലേക്ക് മെറ്റ എടുക്കുന്നത്.

അതേസമയം പുതുവര്‍ഷത്തോടനുബന്ധിച്ച് നിരവധി ഫീച്ചറുകള്‍ വാട്ട്‌സ്ആപ്പ് ഇപ്പോള്‍ തന്നെ പരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ പ്രധാനപ്പെട്ടത് വാട്ട്‌സ്ആപ്പ് വോയിസ് സന്ദേശങ്ങളുടെ യൂസര്‍ ഇന്റര്‍ഫേസ് അടക്കം മാറ്റുന്നതാണ്.