കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന് ചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി് നടന് ദിലീപ്. തനിക്ക് പലതും വെളിപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന് ദിലീപ് പറഞ്ഞു. ജാമ്യവ്യവസ്ഥയുള്ളതു കൊണ്ട് സത്യം എന്താണെന്ന് പ്രേക്ഷകരോട് തുറന്നു പറയാന്‍ തനിക്ക് കഴിയുന്നില്ലെന്ന് ദിലീപ് വ്യക്തമാക്കി.
‘എന്റെ ഇപ്പോഴത്തെ അവസ്ഥയറിയാല്ലോ? ബെയിലും കാര്യങ്ങളുമൊക്കെയുള്ളതുകൊണ്ട് ആരെന്നെ കല്ലെറിഞ്ഞാലും എനിക്ക് പ്രസ്സ് മീറ്റില്‍ വന്നിരിക്കാനോ, മീറ്റ് ദി പ്രസ്സ് വിളിക്കാനോ കഴിയില്ല. അതിനൊന്നുമുള്ള അനുമതി എനിക്കില്ല. അതുകൊണ്ടു മാത്രമാണ് പലരും പലത് പറയുമ്പോഴും എനിക്കൊന്നും പ്രതികരിക്കാന്‍ കഴിയാത്തത്. എന്റെ പ്രേക്ഷകരോട് സത്യം എന്തെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞാനുള്ളത്. ഇതൊക്കെ ഫേസ് ചെയ്തു പോവുക എന്നല്ലാതെ ഞാന്‍ എന്താണ് ചെയ്യുക. എന്നാലും ഞാന്‍ ഹാപ്പിയാണ്. ദൈവം അനുഗ്രഹിച്ച് നമ്മളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ കൂടെയുള്ളപ്പോള്‍ ഞാന്‍ ഹാപ്പിയാണ്’-ദിലീപ് വിശദീകരിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് വളരെ അടുപ്പമുണ്ടായിരുന്നു എന്നാണ് ചന്ദ്രകുമാറിന്റെ ആരോപണം. ദിലീപിന്റെ വീട്ടില്‍ വച്ച് സുനിയെ താന്‍ കണ്ടിട്ടുണ്ടെന്നും ചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ദിലീപ്.

