കൊല്ലം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെതിരെ വിമർശനവുമായി മുൻമന്ത്രി ഷിബു ബേബി ജോൺ. കെ റെയിൽ പദ്ധതി കേരളത്തിലെ മൂന്നു തലമുറകളെ കടക്കെണിയിലേക്ക് തള്ളിവിടുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയ്ക്ക് വേണ്ടി ഒരു ലക്ഷം കോടിക്കു പുറത്തു ചെലവാകും എന്നാണ് ഇപ്പോൾ പറയുന്നത്. ഈ കടം കേരളമാണ് ഏറ്റെടുക്കുന്നത്. അപ്പോൾ എത്ര തലമുറ ഈ ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന് അദ്ദേഹം ചോദിക്കുന്നു.
പണി തീർന്നു പ്രതീക്ഷിച്ച പോലെ വരുമാനം കിട്ടിയില്ലെങ്കിൽ എന്താകും കേരളത്തിന്റെ അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു. കൊച്ചി മെട്രോ ഇപ്പോൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി.
കെ റെയിൽ പദ്ധതിയിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒരു ദിവസം രാത്രിയും പകലുമായി ഏകദേശം നൂറോളം ട്രെയിനുകൾ ഓടിക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ 15 മിനിറ്റ് ഇടവേളയിൽ ട്രെയിൻ ഓടും. ഈ പാത കടന്നു പോകുന്ന റോഡുകളിലെ ഗതാഗത സംവിധാനം എങ്ങനെയാകുമെന്ന ചോദ്യവും അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നുണ്ട.
ദുരൂഹതകൾ നീങ്ങാതെ, ചർച്ചകൾ നടത്താതെ അടിച്ചേൽപ്പിക്കുന്ന വികസനം ജനം എതിർക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഈ എതിർപ്പുകൾ വികസനവിരോധം എന്നു മുദ്രകുത്തിയാൽ അവസാനിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

