‘പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ പുറത്ത്’; തരൂരിനെതിരെ കെ. സുധാകരന്‍

കണ്ണൂര്‍: ശശി തരൂരിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്ത്. തരൂര്‍ കോണ്‍ഗ്രസിലെ ഒരു എം.പി മാത്രമാണെന്നും പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ തരൂരിന് പുറത്തു പോകേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് കര്‍ശന നിലപാടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ കെ റെയില്‍ വിവാദത്തില്‍ പാര്‍ട്ടിയുടേയും മുന്നണിയുടേയും നിലപാടിന് വിരുദ്ധമായ നിലയില്‍ ശശി തരൂര്‍ പ്രതികരിക്കുകയും മുഖ്യമന്ത്രിയെ പ്രശംസിച്ചു സംസാരിക്കുകയും ചെയ്തതിനാലാണ് സുധാകരന്‍ വിമര്‍ശനവുമായെത്തുന്നത്.

അതേസമയം, കൊലപാതകങ്ങള്‍ തടയാന്‍ സംസ്ഥാന പോലീസിന് കഴിയുന്നില്ലെന്നും, ആലപ്പുഴയില്‍ എന്ത് മുന്‍ കരുതലാണ് പോലീസ് എടുത്തതെന്നും സുധാകരന്‍ ചോദിച്ചു. കേരള പോലീസിന് മേല്‍ പിണറായി വിജയന് ഒരു നിയന്ത്രണവും ഇല്ല. കെ. റെയില്‍ പിണറായി സര്‍ക്കാരിന് പണം ഉണ്ടാക്കാനുള്ള പദ്ധതി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെുത്തി.