സംവിധായകൻ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയർമാനായേക്കും

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയർമാനായേക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. മന്ത്രിസഭയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാദമിയിലെ നിലവിലെ ചെയർമാൻ. 2016 ലാണ് കമലിനെ ചെയർമാനായി തെരഞ്ഞെടുത്തത്.

അതേസമയം ചെയർമാൻ സ്ഥാനത്തേക്കുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം വിഷയത്തിൽ പ്രതികരണം നടത്താമെന്ന് രഞ്ജിത്ത് അറിയിച്ചു. 1987 ൽ ഒരു ‘മെയ് മാസ പുലരി’ എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സിനിമ രചനയിലേക്ക് എത്തുന്നത്. 2001 ൽ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന ചിത്രം സംവിധാനം ചെയ്താണ് അദ്ദേഹം സംവിധാനമേഖലയിലേക്ക് കടന്നു വന്നത്. നിരവധി സിനിമകളിൽ അദ്ദേഹം വേഷമിടുകയും ചെയ്തിട്ടുണ്ട്.