‘ഇനി പിടി വീഴും’; സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നവര്‍ക്കെതിരെ നിയമ നടപടിയുമായി പോലീസ്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ ഇടപെടലുകള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികളുമായി കേരള പോലീസ്. ഇത്തരം സന്ദേശങ്ങള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ നിരീക്ഷിക്കും. സമൂഹിക മാധ്യമ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്മാര്‍ക്ക് എതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കുന്നു.

ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് പോലീസിന്റെ മുന്നറിയിപ്പ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ പ്രതികരിച്ചു. ബിജെപി നേതാവ് രണ്‍ജിത്ത് വധത്തില്‍ അറസ്റ്റിലായവരെല്ലാം എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും എഡിജിപി സ്ഥിരീകരിച്ചു.

ഇരു കൊലപാതകങ്ങളിലും നേരിട്ട് പങ്കെടുത്ത ആരെയും ഇതുവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം, ആലപ്പുഴയില്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭാഗമായുള്ള നിരോധനാജ്ഞ തുടരുകയാണ്.