തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുന്നതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാട് മയപ്പെടുത്തി ശശി തരൂർ. പദ്ധതിയെക്കുറിച്ച് കേന്ദ്രസർക്കാരിന്റെ നിലപാട് അവ്യക്തമാണെന്നാണ് ശശി തരൂർ പറയുന്നത്. പദ്ധതി നടപ്പാക്കുന്നതിന് മുൻപ് എല്ലാവരുമായി കൂടിയാലോചന നടത്തണമെന്നും തരൂർ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
കെ റെയിലിനെതിരെ യു.ഡി.എഫ് എം.പിമാർ റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ശശി തരൂർ ഒപ്പിട്ടിരുന്നില്ല. തരൂരിന്റെ നടപടി വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. നിരവധി കോൺഗ്രസ് നേതാക്കളാണ് ശശി തരൂരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
അതേസമയം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്നും ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു. നിവേദനത്തിൽ ഒപ്പിടാത്തതിനാൽ താൻ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വാദം തെറ്റാണെന്നും കെ റെയിൽ പദ്ധതിയെക്കുറിച്ച് നന്നായി പഠിക്കാതെ അക്കാര്യത്തിൽ നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

