തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനക്കേസില്‍ ചാന്‍സലറായ ഗവര്‍ണര്‍ പ്രത്യേകം അഭിഭാഷകനെ വെച്ചായിരിക്കും കേസ് നടത്തുക. അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണകുറുപ്പ് ഹൈക്കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരാകുമ്പോള്‍ ഗവര്‍ണര്‍ പുതിയ അഭിഭാഷകന്റെ കാര്യം തീരുമാനിക്കും. ഗവര്‍ണര്‍ക്കുവേണ്ടി ഹാജരാകാന്‍ രാജ്ഭവന്‍ എ.ജി.യോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതേ കേസില്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കുകയും ഹാജരാകുകയും ചെയ്യുന്ന എ.ജി. ഗവര്‍ണര്‍ക്കു വേണ്ടിയും ഹാജരാകുന്നതിലെ വൈരുധ്യം കണക്കിലെടുത്താണ് പിന്മാറിയത്.
സര്‍ക്കാരിനുവേണ്ടി എ.ജി.യും ഗവര്‍ണര്‍ക്കായി മറ്റൊരു അഭിഭാഷകനും എത്തുന്നതോടെ വി.സി. നിയമനപ്രശ്‌നം കോടതിയില്‍ കൂടുതല്‍ കടുക്കും. വി.സി. നിയമനത്തില്‍ സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും വ്യത്യസ്ത നിലപാടുകളും എ.ജി.യുടെ നിയമോപദേശം നിയമവിരുദ്ധമാണെന്നു കാണിച്ച് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തു നല്‍കിയതും പിന്മാറ്റത്തിനു കാരണമായിട്ടുണ്ട്.
കണ്ണൂര്‍ വി.സി. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനത്തില്‍ തെറ്റില്ലെന്ന നിയമോപദേശമാണ് എ.ജി. സര്‍ക്കാരിനു നല്‍കിയത്. എന്നാല്‍, എ.ജി.യുടെ നിയമോപദേശം നിയമവിരുദ്ധമാണെന്നും സമ്മര്‍ദത്തിനു വഴങ്ങിയാണ് പുനര്‍നിയമനം അംഗീകരിക്കേണ്ടി വന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയതോടെ വിവാദമായി. ഗവര്‍ണര്‍ സ്വന്തം നിലക്ക് നിയമോപദേശം തേടുന്നതും അഭിഭാഷകനെ നിയോഗിക്കുന്നതിലും തെറ്റില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. നേരത്തെയും ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ അഭിഭാഷകരെ നിയോഗിക്കുകയും നിയമോപദേശം തേടുകയും ചെയ്തിട്ടുണ്ട്.

