സംസ്ഥാനത്ത് നോക്കുകൂലി വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ്. നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണെന്നും, ട്രേഡ് യൂണിയനുകള്‍, ചുമട്ടു തൊഴിലാളികള്‍ തുടങ്ങി ആരും നോക്കുകൂലി ആവശ്യപ്പെടുന്നത് കുറ്റകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് പരാതി ലഭിച്ചാല്‍ പോലീസ് കേസെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഐപിസി 383, ഐപിസി 503 വകുപ്പുകള്‍ ചുമത്താമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
നോക്കുകൂലി ആവശ്യപ്പെടുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണമെന്നും കൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നുമായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കും എന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
നോക്കുകൂലി വാങ്ങുന്ന തൊഴിലാളികള്‍ക്കും യൂണിയനുകള്‍ക്കുമെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു.