ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം അതിവേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ എന്തും നേരിടാന്‍ തയ്യാറാകണമെന്ന മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍ ഡോ.സന്ദീപ് ഗുലേറിയ. ‘യുകെയിലേതുപോലെ കാര്യങ്ങള്‍ സങ്കീര്‍ണമാകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. എന്നാല്‍, മറ്റ് രാജ്യങ്ങളിലെ ഒമിക്രോണ്‍ കേസുകളില്‍ വര്‍ദ്ധനവുണ്ടാകുമ്പോള്‍ നാം അത് സൂക്ഷ്മമായി നിരീക്ഷിക്കുകയും ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാവുകയും വേണം’- അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 153 ആയി. കേന്ദ്ര-സംസ്ഥാന കണക്കുകള്‍ പ്രകാരം പതിനൊന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇന്ത്യയില്‍ ഇതുവരെ ഒമിക്രോണ്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയാണ് രണ്ടാമത്.
ഒമിക്രോണ്‍ മൂന്നാം തരംഗത്തിന് കാരണമാകുമോയെന്ന ആശങ്ക വര്‍ദ്ധിക്കുന്നതിനിടെയാണ് പുതിയ ജാഗ്രതാ നിര്‍ദേശം പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 12,133 ഒമിക്രോണ്‍ കേസുകളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്.

