ചെന്നൈ: 43 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ശ്രിലങ്കൻ തീരത്തു നിന്ന് ഇന്ത്യൻ തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ആറു ബോട്ടുകൾ ശ്രീലങ്കൻ നാവിക സേന കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിയിലായ മത്സ്യത്തൊഴിലാളികളെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്നാണ് റിപ്പോർട്ട്. സമുദ്രാതിർത്തി കടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കൻ സേനയുടെ പിടിയിലായത്. കച്ചത്തീവ്-നെടുണ്ടിവിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. കൂടുതൽ അന്വേഷണത്തിനായി ഇവരെ നാവിക ബേസിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.

