ആലപ്പുഴയില്‍ ഇന്നും നാളെയും നിരോധനാജ്ഞ; ജാഗ്രതയില്‍ പോലീസ്‌

ആലപ്പുഴ: 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ ജില്ലാ കളക്ടര്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. എസ്ഡിപിഐയുടെയും ബിജെപിയുടെയും സംസ്ഥാന നേതാക്കളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മണ്ണഞ്ചേരി സ്‌കൂള്‍ കവലക്ക് കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനില്‍ വെച്ചായിരുന്നു ആക്രമണം.

ഇതിനു തൊട്ടുപിന്നാലെ ഇന്ന് പുലര്‍ച്ചെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകള്‍ വെട്ടിക്കൊല്ലുകയായിരുന്നു. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ക്കയറിയാണ് രഞ്ജിത്തിനെ വെട്ടിക്കൊന്നത്.

തുടര്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.