തുടര്‍ തോല്‍വികള്‍; പരിശീലകന്‍ അന്റോണിയോ ഹബാസിനെ പുറത്താക്കി എടികെ മോഹന്‍ ബഗാന്‍

ഐഎസ്എല്ലിലെ തുടര്‍ച്ചയായ തോല്‍വികളെത്തുടര്‍ന്ന് ടീം പരിശീലകന്‍ അന്റോണിയോ ലോപസ് ഹബാസിനെ പുറത്താക്കി എടികെ മോഹന്‍ ബഗാന്‍. നാലാം മത്സരത്തില്‍ ജയം കൈവിട്ട് പോയന്റ് പട്ടികയില്‍ ആദ്യ അഞ്ചില്‍ പോലും എത്താനാവാതെ വന്നതോടെയാണ് ടൂര്‍ണമെന്റിനിടക്കുതന്നെ എടികെ പരിശീലകനെ പുറത്താക്കുന്നത്. പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നതുവരെ ഹബാസിന് കീഴില്‍ സഹപരിശീലകനായ മാന്യുവല്‍ കാസ്‌കല്ലാന ടീമിന്റെ ഇടക്കാല പരിശീലകനാവുമെന്ന് എടികെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

എന്നാല്‍, ഐഎസ്എല്ലില്‍ എടികെക്ക് രണ്ട് തവണ കിരീടം നേടിക്കൊടുത്ത പരിശീലകനാണ് ഹബാസ്. ഈ നേട്ടം കൈവരിക്കുന്ന ഐഎസ്എല്ലിലെ ആദ്യ പരിശീലകനും ഇദ്ദേഹം തന്നെ. താരനിബിഡമാണെങ്കിലും ഇത്തവണ എടികെക്ക് മുന്നേറ്റത്തിലും പ്രതിരോധത്തിലും പിഴച്ചതാണ് പല മത്സരങ്ങളിലും തോല്‍വിയിലേക്ക് നയിച്ചത്. പ്രതിരോധനിരയിലെ കരുത്തായിരുന്ന സന്ദേശ് ജിങ്കാന്‍ ക്രൊയേഷ്യന്‍ ലീഗില്‍ സൈബനിക്കിനായി കളിക്കാന്‍ പോയതോടെ എടികെ പ്രതിരോധം ദുര്‍ബലമായി.