വാഷിങ്ടണ്‍: ഒമിക്രോണ്‍ വകഭേദം കാരണം രാജ്യത്തെ ജനങ്ങള്‍ക്ക് അതിതീവ്ര രോഗവ്യാപന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യത്തെ മരണനിരക്കുകള്‍ ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗവ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസുകളെടുക്കണമെന്നും ഇനിയും വാക്സിനെടുക്കാത്തവര്‍ മുന്നോട്ട് വരണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.
കൊവിഡ്-19 ന്റെ വകഭേദമായ ഒമിക്രോണ്‍ ശക്തിപ്രാപിച്ചതോടെ പല യൂറോപ്യന്‍ രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ പ്രതിദിനം 1150 എന്ന ശരാശരിയിലാണ് മരണ നിരക്കുകള്‍. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സര്‍വകലാശാലകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നത്.
പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നതോടെയാണ് ജനങ്ങള്‍ക്ക് ബൈഡന്റെ മുന്നറിയിപ്പ്. ആഗോളതലത്തില്‍ പൊതുജനാരോഗ്യ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഒമിക്രോണ്‍ വകഭേദത്തെ എല്ലാവരും ഒരുമിച്ച് നേരിടണമെന്ന് ജി7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ആരോഗ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു.

