കൊല്ലം: തന്നെ അപായപ്പെടുത്താൻ ശ്രമം നടന്നെന്ന വെളിപ്പെടുത്തലുമായി സോളാർ കേസ് പ്രതി സരിത എസ് നായർ. തന്നെ വിഷം നൽകി അപായപ്പെടുത്താൻ ശ്രമം നടത്തിയതായാണ് സരിതയുടെ വെളിപ്പെടുത്തൽ. വിഷം നാഡീ ഞരമ്പുകളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. വെല്ലൂരും തിരുവനന്തപുരത്തുമായി ഇപ്പോഴും ചികിത്സയിലാണെന്നും സരിത പറയുന്നു.
കഴിഞ്ഞ ദിവസം കൊട്ടാരക്കര കോടതിയിലെത്തിയപ്പോഴാണ് സരിത ഇക്കാര്യം അറിയിച്ചത്. 2015 ലെ കയ്യേറ്റം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു സരിത കോടതിയിലെത്തിയത്. എന്നാൽ വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചത് ആരാണെന്നത് സംബന്ധിച്ച വിവരം സരിത പുറത്തു വിട്ടിട്ടില്ല.
രോഗം പൂർണ്ണമായും ഭേദമായ ശേഷം വിഷം നൽകിയത് ആരെന്ന് വെളിപ്പെടുത്തും. കീമോതെറാപ്പി ഉൾപ്പടെയുള്ള ചികിത്സകൾ നിലവിൽ നടക്കുന്നുണ്ടെന്നും സരിത അറിയിച്ചു. ആറ് വർഷത്തെ കഠിന തടവാണ് സോളാർ തട്ടിപ്പ് കേസിൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി സരിത എസ് നായർക്ക് ശിക്ഷയായി വിധിച്ചത്. ബിജു രാധാകൃഷ്ണനും സരിതയുമാണ് കേസിലെ പ്രതികൾ. കോഴിക്കോട്ടെ വ്യവസായിയായ അബ്ദുൾ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ സ്ഥാപിക്കാമെന്നും ടീം സോളാറിന്റെ ഫ്രാഞ്ചൈസി നൽകാമെന്നും വാഗ്ദാനം ചെയ്ത് 42.7 ലക്ഷം രൂപയാണ് സരിത തട്ടിയെടുത്തത്.

