തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തിരുവനന്തപുരത്തെ ലുലുമാൾ. 2000 കോടി രൂപ നിക്ഷേപത്തിൽ ഏകദേശം 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ലുലുമാൾ ഒരുക്കിയിരിക്കുന്നത്.
രണ്ടു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിന്റെ പ്രധാന പ്രത്യേകത. 12 സിനിമാ തിയേറ്ററുകളാണ് മാളിലുള്ളത്. പിവിആർ സിനിമാസ് ഒരുക്കുന്ന 12 മൾട്ടിപ്ലക്സ് സ്ക്രീനുകളാണ് തിരുവനന്തപുരത്തെ ലുലുമാളിൽ സജ്ജമാക്കിയിരിക്കുന്നത്. 200 ലേറെ അന്താരാഷ്ട്ര ബ്രാന്റുകളും ലുലുമാളിലുണ്ട്. എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിങ് സംവിധാനമാണ് മാളിന്റെ മറ്റൊരു പ്രധാന ആകർഷണം.
ഇരുചക്ര വാഹനങ്ങളടക്കം 3500 ലേറെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ഒരേസമയം 2500 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ടും മാളിലുണ്ട്. 80000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ കുട്ടികൾക്കുള്ള കളിയിടമായി ഫൺട്യൂറ എന്ന എന്റർടൈൻമെന്റ് സെന്ററും മാളിലുണ്ട്.
ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ, ലുലു സെലിബ്രേറ്റ് തുടങ്ങിയവയും ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകും. വെള്ളിയാഴ്ച്ച മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്നു നൽകും.

