കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നിട്ടില്ല; സുപ്രീം കോടതിയിൽ നിലപാട് അറിയിച്ച് തമിഴ്നാട്

ന്യൂഡൽഹി: കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നിട്ടില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് തമിഴ്‌നാട്. സുപ്രീം കോടതിയിൽ കേരളം സമർപ്പിച്ച പരാതിയിൽ മറുപടി നൽകുകയായിരുന്നു തമിഴ്‌നാട്. മുല്ലപ്പെരിയാർ അണക്കെട്ട് മുന്നറിയിപ്പ് നൽകാതെ തുറന്നിട്ടില്ലെന്നും വെള്ളം തുറന്നു വിടുന്നതിന് മുമ്പ് കേരളത്തിന് കൃത്യമായ വിവരം നൽകിയിരുന്നുവെന്നുമാണ് തമിഴ്‌നാടിന്റെ വിശദീകരണം.

മുല്ലപ്പെരിയാറിൽ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്‌നാട് ആവശ്യപ്പെടുന്നു. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടുവെന്ന കേരളത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നോക്കിയാണ് അണക്കെട്ട് തുറന്നു വിടുന്നതെന്നും സുപ്രീം കോടതിയിൽ തമിഴ്‌നാട് വിശദമാക്കി. ബുധനാഴ്ച്ച കേസ് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് മുല്ലപ്പെരിയാറിൽ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് മൂലം പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറുന്നുവെന്നായിരുന്നു ഹർജിയിൽ ആരോപിച്ചിരുന്നത്.