കോൺഗ്രസുകാർക്കെതിരെ തീവ്രവാദ ബന്ധം ചുമത്തി കേസ്; പോലീസ് നടപടിയിൽ വിശദീകരണം തേടി മുഖ്യമന്ത്രി

കൊച്ചി: ആലുവ സി ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്ത കോൺഗ്രസുകാർക്കെതിരെ തീവ്രവാദ ബന്ധം ചുമത്തി കേസെടുത്ത പോലീസ് നടപടിയിൽ വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. റൂറൽ എസ് പി കാർത്തിക്കിനെ വിളിച്ചുവരുത്തിയാണ് സംഭവത്തിൽ മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിന്റെ കേസ് ഫയലുകൾ അദ്ദേഹം വിശദമായി പരിശോധിക്കുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരായ സ്‌പെഷ്യൽ ബ്രാഞ്ച് എസ് പി, ഡി വൈ എസ് പി എന്നിവരെ വിളിച്ചു വരുത്തുകയും വിശദീകരണം ചോദിക്കുകയുമായിരുന്നു.

മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംഭവത്തിൽ ആലുവ സി ഐക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകർ സമരം ചെയ്തത്. സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകരുടെ കസ്റ്റഡി റിപ്പോർട്ടിലാണ് പൊലീസ് തീവ്രവാദ ബന്ധം ആരോപിച്ചത്. സമരത്തിന് നേതൃത്വം നൽകിയ ആലുവ എം എൽ എ അൻവർ സാദത്ത് ഉൾപ്പെടെയുള്ളവർ സംഭവത്തിൽ ഇടപ്പെട്ടിരുന്നു. പിന്നീട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ആലുവ ഗസ്റ്റ് ഹൗസിലേക്ക് മുഖ്യമന്ത്രി ഉദ്യോഗസ്തരെ നേരിട്ട് വിളിച്ചു വരുത്തുകയായിരുന്നു.

അതേസമയം മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചക്കു പിന്നാലെ ആലുവ സി ഐ ബൈജു പോൾ അവധിയിൽ പ്രവേശിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് സി ഐ അവധിയിൽ പ്രവേശിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിശദീകരണം.