തിരുവനന്തപുരം: കോവിഡ് വാക്സിനേഷൻ സ്വീകരിക്കാത്ത അധ്യാപകർക്കെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ. സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുന്നറിയിപ്പ് നൽകി.
അധ്യാപകർ ആഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന നടത്തണമെന്നും നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. വാക്സിനെടുക്കാൻ സാധിക്കാത്തതിന് കാരണം രേഖാമൂലം അറിയിക്കാൻ സർക്കാർ അധ്യാപകർക്ക് നിർദേശം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ പട്ടിക നേരത്തെ സർക്കാർ തയാറാക്കിയിരുന്നു. ഇവർക്ക് സർക്കാർ ഷോക്കോസ് നോട്ടിസ് നൽകുകയും ചെയ്തിരുന്നു. നിലവിൽ ആയിരത്തിലധികം അധ്യാപകർ വാക്സിൻ ഇനിയും എടുത്തിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ അധ്യാപകർ വാക്സിനെടുക്കാനുള്ളത്. സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനു മുൻപ് തന്നെ മാർഗരേഖ തയ്യാറാക്കിയിരുന്നു. വാക്സിൻ എടുക്കാത്തവർ ക്യാമ്പസിനകത്ത് പ്രവേശിക്കേണ്ടതില്ലെന്ന് മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

