ഭോപ്പാൽ: കുനൂരിലെ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട നായിക് ജിതേന്ദ്ര കുമാറിന്റെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുമെന്നും ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. ജിതേന്ദ്ര കുമാറിനോടുള്ള ആദര സൂചകമായി ഗ്രാമത്തിലെ സ്കൂളിന് അദ്ദേഹത്തിന്റെ പേരുനൽകുമെന്നും അദ്ദേഹത്തിന്റെ പേരിൽ സ്മാരകം നിർമ്മിക്കുമെന്നും മദ്ധ്യപ്രദേശ് സർക്കാർ ഉറപ്പു നൽകി.
നാട്ടിലെത്തിച്ച ജിതേന്ദ്ര കുമാറിന്റെ ശവമഞ്ചം തോളിലേറ്റിയതും ശിവരാജ് സിംഗ് ചൗഹാനായിരുന്നു. ജിതേന്ദ്ര കുമാറിന്റെ സംസ്കാര ചടങ്ങുകളിലും മുഖ്യമന്ത്രി പങ്കെടുത്തു. ഈ മണ്ണിന്റെ മകൻ എന്നായിരുന്നു മുഖ്യമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അതേസമയം അപകടത്തിൽ മരിച്ച ആഗ്ര സ്വദേശി പൃഥ്വിയുടെ കുടുംബത്തിന് യുപി സർക്കാർ 50 ലക്ഷം രൂപയും ജനറൽ ബിപിൻ റാവത്തിന്റെ സെക്യൂരിറ്റി ഓഫീസറായിരുന്ന ലാൻസ് നായിക് ബി.സായ് തേജയുടെ കുടുംബത്തിന് ആന്ധ്ര സർക്കാർ 50 ലക്ഷം രൂപയും ധനസഹായം നൽകും. അപകടത്തിൽ മരിച്ച എല്ലാവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങളെല്ലാം തിരിച്ചറിഞ്ഞത്.
ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചത്. ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

