തിരുവനന്തുപുരം: പിജി ഡോക്ടർമാർക്ക് പിന്നാലെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജന്മാരും സമരത്തിൽ. ഇതോടെ ആശുപത്രികളിലെ പ്രവർത്തനങ്ങൾ താറുമാറായിരിക്കുകയാണ്. അത്യാവശ്യ ചികിത്സകൾ മുടങ്ങുകയും ശസ്ത്രക്രിയകൾ മാറ്റിവെയ്‌ക്കേണ്ടി വരികയും ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. രാവിലെ എട്ടുമുതൽ 24 മണിക്കൂർ നേരത്തേക്കാണ് ഹൗസ് സർജന്മാർ സമരം പ്രഖ്യാപിച്ചത്.
ഹൗസ് സർജന്മാരുമായി ചർച്ച നടത്താനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. എന്നാൽ പിജി ഡോക്ടർമാരുമായി ചർച്ച നടത്തേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. നാല് ദിവസമായി പി ജി ഡോക്ടർമാർ സമരത്തിലാണ്. കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ജോലിഭാരം കുറയ്ക്കുക, സ്റ്റൈപൻഡ് പരിഷ്‌കരണം തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് പിജി ഡോക്ടർമാർ സമരം നടത്തുന്നത്. ഈ ആവശ്യങ്ങൾ അംഗീകരിച്ചതാണെന്നും പിജി ഡോക്ടർമാരുമായി ചർച്ചയ്ക്കില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.
ചികിത്സ നൽകാതെ രോഗികളെ മടക്കി അയക്കേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് പല മെഡിക്കൽ കോളേജുകളും. പകുതിയിൽ താഴെ ഡോക്ടർമാർ മാത്രമാണ് ഇപ്പോൾ മെഡിക്കൽ കോളേജുകളിലുള്ളത്. ഈ സാഹചര്യത്തിലാണ് ഹൗസ് സർജന്മാരെ മാത്രം സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

