നിരോധിത വനമേഖലയില്‍ എന്തിന് പോയി? ഹെലികോപ്റ്റര്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക്

ചെന്നൈ: കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തിന്റെ അവസാന ദൃശ്യങ്ങളിലേക്ക് അന്വേഷണം തിരിയുന്നു. കോയമ്പത്തൂര്‍ സ്വദേശിയായ മലയാളി ജോയാണ് ഹെലികോപ്റ്റര്‍ അപകടത്തിന്റെ വീഡിയോ പകര്‍ത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഈ മൊബൈല്‍ ഫോണ്‍ പോലീസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചു.

സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ മൂടല്‍ മഞ്ഞിലേക്ക് മറയുന്നതും വലിയ ഒച്ച കേള്‍ക്കുന്നതും 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കും. ഊട്ടിയില്‍ അവധി ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ജോ. കുനൂരിലെ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണ് ഹെലികോപ്ടറിന്റെ ഒച്ച കേള്‍ക്കുന്നതും ദൃശ്യങ്ങള്‍ പകര്‍ത്തിയതും.

അതേസമയം, നിരോധിത വനമേഖലയിലേക്ക് ഇവര്‍ എന്തിന് പോയി എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അതിലേക്കാണ് പുതിയ അന്വേഷണം നീങ്ങുന്നതെന്നും പോലീസ് അറിയിച്ചു.