‘ഏറ്റുമുട്ടലിന് ആഗ്രഹമില്ല; ഗവര്‍ണറുടെ നിലപാട് ദുരൂഹം’: കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍. ചാന്‍സലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന ഗവര്‍ണറുടെ നിലപാട് ദുരൂഹമാണെന്ന് കോടിയേരി പറഞ്ഞു. ഗവര്‍ണര്‍ ഇങ്ങനെ ഒരു നിലപാട് എടുക്കേണ്ട സാഹചര്യം നിലവില്‍ ഉണ്ടായിരുന്നില്ലെന്നും ഒരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ട ആളല്ല ചാന്‍സലര്‍. ചാലന്‍സറുടെ പദവിയില്‍ സമ്മര്‍ദം ചെലുത്തിയിട്ടുമില്ല. ഗവര്‍ണര്‍ തന്നെ ചാന്‍സലര്‍ പദവിയില്‍ തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നം അവര്‍ തമ്മില്‍ തീര്‍ക്കുമെന്നും’ കോടിയേരി പറഞ്ഞു.

എന്നാല്‍, സര്‍വകലാശാല വിവാദത്തില്‍ പ്രതികൂല നിലപാടില്‍ തന്നെ ഉറച്ച് വഗര്‍ണ്ണര്‍ വ്യക്തമാക്കിയതോടെ കേരളത്തിലെ സര്‍വകലാശാലകളില്‍ നിലവില്‍ ഭരണത്തലവന്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്. അതേസമയം, സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഫയലുകള്‍ സ്വീകരിക്കരുതെന്നാണ് രാജ്ഭവന്‍ ഉദ്യാഗസ്ഥര്‍ക്ക് ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കഴിഞ്ഞ ബുധനാഴ്ച മുതല്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലുകളിലും ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടില്ല. വിസിമാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വിവിധ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇതൊക്കെ തീര്‍പ്പാക്കേണ്ടത് ചാന്‍സലറായ ഗവര്‍ണറാണ്.

കഴിഞ്ഞ എട്ടാം തിയ്യതിയാണ് ചാന്‍സലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇതിനിടയില്‍ നടന്ന അനുനയ നീക്കങ്ങളൊക്കെ തള്ളിയ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം തുടരുകയാണ്. ചാന്‍സലര്‍ പദവി ഒഴിയരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ അംഗീകരിച്ചില്ല. നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപടെല്‍ ഉണ്ടാകില്ലെന്ന ഉറപ്പ് നല്‍കിയാല്‍ മാത്രമേ തീരുമാനം പുനപരിശോധിക്കൂവെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍, തിരുത്തേണ്ട ഒരു തീരുമാനവും നിലവില്‍ എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.