ഗുജറാത്തിലും ലുലു മാൾ; 2000 കോടി രൂപ നിക്ഷേപിക്കും

ദുബായ്: ഗുജറാത്തിലും ലുലു ഗ്രൂപ്പ് സ്ഥാപിക്കുന്നു. വാണിജ്യ നഗരമായ അഹമ്മദാബാദിൽ ഷോപ്പിംഗ് മാൾ നിർമ്മിക്കാനാണ് ലുലു ഗ്രൂപ്പിന്റെ പദ്ധതി. ഇക്കാര്യം സംബന്ധിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഇതിനു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ചർച്ച നടത്തി.

ഗുജറാത്തിൽ 2000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ലുലു ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്.
അഹമ്മദാബാദിനും ഗാന്ധിനഗറിനും അടുത്ത പ്രദേശത്ത് ലുലുമാൾ നിർമ്മിക്കുന്നതിനുള്ള ധാരണാപത്രത്തിൽ എം എ യൂസഫലിയും ഗുജറാത്ത് സർക്കാരും ഒപ്പുവച്ചു.

അടുത്തവർഷത്തോടെ ഗുജറാത്തിൽ ലുലു ഗ്രൂപ്പ് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് വിവരം. 30 ഏക്കർ സ്ഥലമാണ് ലുലു ഗ്രൂപ്പിന്റെ നിർമ്മാണത്തിനായി ഗുജറാത്ത് സർക്കാർ വിട്ട് നൽകിയിരിക്കുന്നത്.

30 മാസത്തിനുള്ളിൽ ലുലു മാളിന്റെ നിർമ്മാണ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതോടെ അയ്യായിരത്തിലധികം ആളുകൾക്ക് പ്രത്യക്ഷമായും പതിനായിരത്തിലേറെ ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.

പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രവർത്തനങ്ങൾക്കായി ലുലു ഗ്രൂപ്പ് സംഘം ഉടൻ തന്നെ ഗുജറാത്ത് സന്ദർശിക്കും. പദ്ധതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഗുജറാത്ത് സർക്കാർ ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.