തന്നെ വിസിയായി നിയമിച്ചതിൽ ഗവർണറിന് എതിർപ്പുണ്ടെങ്കിൽ ഔദ്യോഗികമായി അറിയിക്കണം; പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ

കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ വിസി പുനർനിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ. നിയമവും നടപടിക്രമങ്ങളും നോക്കാതെ നിയമനം നടത്താൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്നെ വിസിയായി നിയമിച്ചതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിർപ്പുണ്ടെങ്കിൽ ഔദ്യോഗികമായി അറിയിക്കണമെന്നും കോടതി നിർദേശിക്കുകയാണെങ്കിൽ പദവി ഒഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ കൂടുതലൊന്നും പറയാനില്ല. വിഷയത്തെക്കുറിച്ച് പത്രത്തിൽ വായിച്ചത് മാത്രമെ അറിയൂ. തന്നെ നിയമിച്ചത് ഗവർണറാണ്. വിഷയം കോടതിയുടെ മുന്നിലുണ്ട്. കോടതി വിധി പോലെ മുന്നോട്ട് പോകും. രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് തന്റെ നിയമനം എന്ന ആരോപണത്തിൽ സർക്കാർ ആണ് മറുപടി നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ അതൃപ്തിയുമായി കഴിഞ്ഞ ദിവസമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയത്. ഇക്കാര്യം വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. രാഷ്ട്രീയ ഇടപെടൽ തുടർന്നാൽ ചാൻസിലർ പദവി ഒഴിയാൻ തയ്യാറാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം കത്തയച്ചിരിക്കുന്നത്. പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരുന്നു.

സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. സർവകലാശാലകളിൽ ഇത്തരത്തിലുള്ള പ്രവണതകൾ തുടരുന്നത് തെറ്റാണ്. വേണമെങ്കിൽ ചാൻസിലർ പദവിയിൽ നിന്ന് മാറ്റാം, അല്ലെങ്കിൽ സ്ഥാനം ഒഴിഞ്ഞു തരാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ മുന്നോട്ടുപോയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കത്തിൽ അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.