തിരുവനന്തപുരം: ഹെലികോപ്ടർ അപകടത്തിൽ സൈനിക മേധാവി ബിപിൻ റാവത്ത് മരണപ്പെട്ടതിന് പിന്നാലെ അദ്ദേഹം സ്വീകരിച്ചിരുന്ന നയങ്ങൾക്കെതിരെ വിമർശനവുമായി ഗവൺമെന്റ് പ്ലീഡർ രശ്മിത രാമചന്ദ്രൻ രംഗത്തെത്തെിയത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. റാവത്തിന്റെ ചില നടപടികൾക്കെതിരെ രൂക്ഷ വിമർശനമാണ് രശ്മിത രാമചന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഉന്നയിച്ചിരുന്നത്.
മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാക്കുകൾ ഉൾക്കൊള്ളിച്ചിരുന്ന പോസ്റ്റിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഇത്തരത്തിൽ രശ്മിതയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് ജയശങ്കർ. കയ്യടി കിട്ടുന്നതിന് വേണ്ടി ഫേസ്ബുക്കിൽ പോസ്റ്റിടുന്ന സാംസ്കാരിക നായികമാരെ മുക്കാലിയിൽ കെട്ടി അടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യൻ സേനാനായകൻ അപകടത്തിൽ മരിക്കുമ്പോൾ പാകിസ്താൻകാർ ആഹ്ലാദിക്കുന്നത് സ്വാഭാവികം. കശ്മീർ സ്വാതന്ത്ര്യവാദികളുടെ സന്തോഷവും മനസ്സിലാക്കാം. നമ്മുടെ നാട്ടിലെ ജിഹാദികളെ പോലും തെറ്റു പറയാനാകില്ല. സുഡാപ്പി- മദൂദികളുടെ കയ്യടി കിട്ടാൻ ഫേസ്ബുക്ക് പോസ്റ്റിടുന്ന ക്ഷുദ്രജീവികളായ സാംസ്കാരിക നായികമാരെ മുക്കാലിയിൽ കെട്ടി അടിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രശ്മിതയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

