ന്യൂഡല്‍ഹി: ഊട്ടിയിലെ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും പത്നി മധുലിക റാവത്തിനും ആദരവോടെ അന്ത്യമൊഴി ചൊല്ലി രാജ്യം. ബ്രാര്‍ സ്ക്വയറില്‍ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് 17 ഗണ്‍ സല്യൂട്ടോടെ ഇരുവരുടെയും സംസ്കാര ചടങ്ങുകള്‍ നടന്നു.
3.30 മുതല്‍ 4 വരെ ബ്രാര്‍ സ്ക്വയറില്‍ പൊതുദര്‍ശനത്തിനു വച്ചു. പിന്നീട് വിവിഐപികള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. രാജ്യത്തിന്റെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബ്രാര്‍ സ്ക്വയറിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. മതപരമായ ചടങ്ങുകള്‍ക്കായി വൈകിട്ട് 4.45 ഓടെ മൃതദേഹങ്ങള്‍ ഒരേ ചിതയിലേക്കെടുത്തു. മക്കളായ കൃതികയും തരിണിയുമാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. ബ്രിഗേഡിയര്‍ റാങ്കിലുള്ള 12 ഉദ്യോഗസ്ഥര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്കി. ‘ഭാരത് മാതാ കീ ജയ്’ വിളികളുമായി ആയിരങ്ങളാണ് ബ്രാര്‍ സ്ക്വയറിന് സമീപം തടിച്ചു കൂടിയത്. ശ്രീലങ്ക, ഭൂട്ടാന്, നേപ്പാള്‍, ബംഗ്ലദേശ് രാജ്യങ്ങളിലെ സൈനിക കമാന്‍ഡര്‍മാരും വിദേശ നയതന്ത്ര പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവിയാണ് ബിപിന്‍ റാവത്ത്. 2020 ജനുവരി ഒന്നിനാണ് റാവത്ത് ചുമതലയേറ്റത്.

