ഹെലികോപ്റ്റര്‍ അപകടത്തില്‍ ഞെട്ടല്‍ മാറാതെ രാജ്യം; വാര്‍ത്തകളിലെ കമന്റ് ബോക്‌സുകളില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഒരു വിഭാഗം; നിരീക്ഷിച്ച് കേന്ദ്ര ഏജന്‍സികള്‍

ravath

ഇന്നലെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവിയും സംഘവും കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറാതെയാണ് രാജ്യം ഉള്ളത്. അതിനിടയിലും അപകട വാര്‍ത്ത പുറത്ത് വന്നയുടനെ വിവിധ ചാനലുകളുടെ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളില്‍ ആഘോഷം തീര്‍ക്കുകയാണ് ഒരു വിഭാഗം ആളുകള്‍. അതേസമയം, സേനാ മേധാവി ബിപിന്‍ റാവത്തിന്റെ മരണം ആഘോഷമാക്കിയവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍.

പ്രാദേശിക, ദേശീയ, അന്തര്‍ ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ ‘ചിരി’റിയാക്ഷന്‍ ഇട്ട് കൊണ്ടാണ് ചിലരുടെ പ്രതികരണം. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കമന്റുകളും, റിയാക്ഷനും ഇടുന്നതില്‍ പാകിസ്ഥാനികളാണ് കൂടുതലെങ്കില്‍ ദേശീയ മാധ്യമങ്ങളുടെ കമന്റ് ബോക്സുകളില്‍ ആഘോഷം തീര്‍ക്കുന്നത് മലയാളികളായ ഇസ്ലാമിസ്റ്റുകളാണ്. മലയാള വാര്‍ത്താ ചാനലുകളുടെ കമന്റ് ബോക്സിലും ഇത്തരം പ്രതികരണമെത്തി. മുന്‍പ് പുല്‍വാമ ഭീകരവാദി ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിലും ഇത്തരക്കാര്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും, രാജ്യ വിരുദ്ധവുമായ നിരവധി പോസ്റ്റുകള്‍ ഇവരുടെ പ്രൊഫൈലുകളില്‍ കാണാന്‍ സാധിക്കും.

ബിപിന്‍ റാവത്ത് സംയുക്ത സൈനിക മേധാവിയായതോടെ കശ്മീരിലടക്കം ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. കാശ്മീരിലെ ഇസ്ലാമിക ഭീകരവാദികളെ അടിച്ചമര്‍ത്തിയതില്‍ പ്രധാനിയായിരുന്നു അദ്ദേഹം. ഇതെല്ലാം ചിലരുടെ ആഘോഷത്തിന് കാരണമായി. ഇതിനെ ഗൗരവത്തോടെ സൈന്യം കാണും. ഇത്തരം പ്രൊഫൈലുകളെല്ലാം രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്.