കോവിഡ്; രോഗബാധ തടയാൻ ച്യൂയിംഗ് ഗം വികസിപ്പിച്ച് ഗവേഷകർ

വാഷിംഗ്ടൺ: കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങൾ. ചൈനയിലാണ് കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രോഗബാധ പടർന്നു. കോവിഡ് വാക്‌സിനേഷൻ ഊർജിതമാക്കിയും മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിച്ചും രോഗബാധയെ തടയാനുള്ള ശ്രമത്തിലാണ് എല്ലാവരും. ലക്ഷക്കണക്കിന് പേർക്കാണ് കോവിഡ് വൈറസ് ബാധയെ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്.

വൈറസിന് ജനിതകമാറ്റം ഉണ്ടായി പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നതാണ് ഇപ്പോൾ ലോകരാജ്യങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്. രോഗവ്യാപനശേഷി കൂടുതലുള്ള ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികൾ ചെറുതൊന്നുമല്ലായിരുന്നു. ഇപ്പോൾ കോവിഡിന്റെ മറ്റൊരു വകഭേദം ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഡെൽറ്റയെക്കാൾ അതിവേഗം രോഗവ്യാപനം നടത്തുന്ന ഒമിക്രോൺ വകഭേദമാണ് ഇപ്പോൾ ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് ശാസ്ത്രീയമായിത്തന്നെ എന്ത് ചെയ്യാമെന്ന് ഗവേഷണം നടത്തുകയാണ് ശസ്ത്രജ്ഞർ. പലതരത്തിലുള്ള ഗവേഷണങ്ങളും ഇതിനായി ഗവേഷകർ നടത്തുന്നുണ്ട്. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനുള്ള ‘ച്യൂയിംഗ് ഗം’ വികസിപ്പിച്ചെടുക്കുന്നതിന്റെ തിരക്കിലാണ് യുഎസിൽ നിന്നുള്ള ഗവേഷണ സംഘം. പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകൻ ഹെന്റി ഡാനിയേൽ ആണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകുന്നത്. പ്രത്യേക വിഭാഗത്തിൽ പെടുന്ന ചെടികളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രോട്ടീൻ ഉപയോഗിച്ചാണ് ഇവർ ‘ച്യൂയിംഗ് ഗം’ തയ്യാറാക്കുന്നത്.

ഉമിനീർ ഗ്രന്ഥിയിൽ വച്ച് വൈറസുകൾ പെരുകുന്നത് തടയാൻ ച്യൂയിംഗത്തിന് കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. സാധാരണഗതിയിൽ അണുബാധയേറ്റയാളിൽ ഉമിനീരിലൂടെ വൈറസ് പെരുകുകയും ഇത് തുമ്മൽ, ചുമ, സംസാരം, ചിരി എന്നിങ്ങനെയുള്ള പ്രവർത്തികളിലൂടെ പുറത്തേക്ക് എത്തുകയും അടുത്ത ആളിൽ പ്രവേശിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഈ ‘ച്യൂയിംഗ് ഗം’ വൈറസുകൾ ലോഡ് ആയി ഉണ്ടാകുന്നത് തടയുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇത് രോഗബാധിതനിൽ നിന്നും അടുത്തയാളിലേക്ക് രോഗമെത്താനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുമെന്നാണ് ഗവേഷകരുടെ അവകാശവാദം. ക്ലിനിക്കൽ ട്രയലി്# നടത്തി ച്യൂയിംഗം ഫലപ്രദമാണെന്ന് തെളിയിക്കാൻ അവസരം നൽകണമെന്നും ഗവേഷകർ പറയുന്നു.