വാട്‌സ്ആപ്പില്‍ ജിഫ് എങ്ങനെ ഉണ്ടാക്കാം?

വാട്‌സ്ആപ്പിലൂടെ ചാറ്റ് നടത്തുമ്പോള്‍ നമുക്ക് ആനിമേറ്റഡ് സ്റ്റിക്കറുകളും ജിഫുകളും അയക്കാന്‍ സാധിക്കാറുണ്ട്. ഇനി ഇത് വാട്‌സ്ആപ്പില്‍ തന്നെ ഉണ്ടാക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിലെ ആപ്പില്‍ നമുക്ക് ജിഫ് ഉണ്ടാക്കാന്‍ സാധിക്കും. വരുന്ന മെസേജുകള്‍ക്ക് റിപ്ലെ ആയും മറ്റും നമ്മള്‍ ജിഫുകള്‍ അയക്കാറുണ്ട്. ചാറ്റുകള്‍ രസകരമാക്കാന്‍ ഇവ സഹായിക്കുന്നു. വീഡിയോകള്‍ ഉപയോഗിച്ചാണ് ജിഫ് ഉണ്ടാക്കുന്നത്. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

ആദ്യം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ജിഫ് അയക്കുന്നത് എങ്ങനെയെന്ന് നോക്കാം.

• വാട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്ത് നിങ്ങള്‍ക്ക് ജിഫ് അയക്കേണ്ട ചാറ്റ് തുറക്കുക.

• ‘ഇമോജി’ ഓപ്ഷനിലും തുടര്‍ന്ന് ‘ജിഫ്’ എന്ന വിഭാഗത്തിലും ടാപ്പ് ചെയ്യുക.

• നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ നിരവധി ഓപ്ഷനുകള്‍ ലഭിക്കും.

• ഉപയോക്താക്കള്‍ക്ക് അവരുടെ മാനസികാവസ്ഥ (സന്തോഷവും സങ്കടവും പോലെ) അനുസരിച്ച് ജിഫ് തിരഞ്ഞെടുക്കാം

• വാട്‌സ്ആപ്പിനായി കൂടുതല്‍ ജിഫുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ഇതിനായി ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിരവധി തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉണ്ട്.

ഇനി വാട്‌സ്ആപ്പില്‍ ജിഫ് സ്വന്തമായി ഉണ്ടാക്കാം…

മുകളില്‍ സൂചിപ്പിച്ചതുപോലെ ആപ്പ് ഉപയോഗിച്ച് തന്നെ ഇഷ്ടമുള്ള ജിഫ് ഉണ്ടാക്കാന്‍ വാട്‌സ്ആപ്പ് സൗകര്യം ഒരുക്കുന്നുണ്ട്. വാട്‌സ്ആപ്പില്‍ നിങ്ങളുടെ സ്വന്തം ജിഫ് എങ്ങനെ ഉണ്ടാക്കാണെന്ന് നോക്കാം.

• ആദ്യം നിങ്ങള്‍ വാട്‌സ്ആപ്പ് എടുത്ത് ഒരു ചാറ്റും ഓപ്പണ്‍ ചെയ്യുക

• ചാറ്റ് ബാറില്‍ സ്ഥാപിച്ചിരിക്കുന്ന ‘അറ്റാച്ച്മെന്റ്’ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

• ഇനി നിങ്ങളുടെ ഗാലറിയില്‍ നിന്ന് ഏതെങ്കിലും വീഡിയോ തിരഞ്ഞെടുക്കുക.

• ജിഫ് വീഡിയോ ദൈര്‍ഘ്യം 5 സെക്കന്‍ഡ് ആയിരിക്കണം. നിങ്ങളുടെ വീഡിയോ ദൈര്‍ഘ്യം 5 സെക്കന്‍ഡില്‍ കൂടുതലാണെങ്കില്‍ അത് വാട്‌സ്ആപ്പില്‍ തന്നെ ട്രിം ചെയ്യാം.

• ഇതിന് ശേഷം ജിഫ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക, നിങ്ങള്‍ക്ക് വേണമെങ്കില്‍, ഏതെങ്കിലും അടിക്കുറിപ്പ് നല്‍കാം. ജിഫിലേക്ക് ആവശ്യമെങ്കില്‍ ഇമോജി ചേര്‍ക്കാനും സാധിക്കും.

• ഇത്രയും ചെയ്താല്‍ നിങ്ങളുടെ കോണ്‍ടാക്റ്റിലേക്ക് ഇത് അയക്കാം.

നിങ്ങള്‍ ഉണ്ടാക്കിയ ജിഫ് സേവ് ചെയ്ത് വയ്ക്കാന്‍ ‘ഫേവറേറ്റ്’ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇത് ഫോര്‍വേഡ് ചെയ്താല്‍ നിങ്ങള്‍ക്ക് മറ്റ് കോണ്‍ടാക്റ്റുകളുമായി ജിഫ് ഷെയര്‍ ചെയ്യാനും സാധിക്കും.