ന്യൂഡൽഹി:സാമ്പത്തിക രംഗത്ത് നിർണായക നേട്ടവുമായി ഇന്ത്യ. ഏഷ്യ പവർ ഇൻഡക്‌സ് പ്രകാരം ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ലോവി ഇൻസ്റ്റിറ്റ്യൂട്ടാണ് ഏഷ്യ പവർ ഇൻഡക്‌സ് പുറത്തു വിട്ടത്. രാജ്യത്തെ വിഭവങ്ങളും രാജ്യങ്ങൾക്കിടയിലുള്ള സ്വാധീനവും അടിസ്ഥാനപ്പെടുത്തിയാണ് റാങ്കിംഗ് നടത്തിയത്. നിലവിലെ അധികാര വിതരണവും അധികാരം കൈകാര്യം ചെയ്യുന്ന രീതികളുമെല്ലാം റാങ്ക് നിർണയത്തിനായി പരിഗണിച്ചിരുന്നു.
അതേസമയം കഴിഞ്ഞ വർഷത്തിനെക്കാൾ ഇത്തവണ ഇന്ത്യയ്ക്ക് രണ്ട് പോയിന്റ് കുറഞ്ഞു. ഇന്ത്യ ഉൾപ്പെടെ 18 രാജ്യങ്ങൾക്ക് ഇത്തരത്തിൽ പോയിന്റ് കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക ശേഷി, സൈനിക ശേഷി, പ്രതിരോധ ശേഷി, സാംസ്‌കാരിക സ്വാധീനം തുടങ്ങിയവയിൽ ഇന്ത്യ നാലാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. സൈനിക ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ഏഴാമതാണ്.
ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ സമ്പദ്ഘടനയെ കോവിഡ് വൈറസ് വ്യാപനം വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്ക, ചൈന, ജപ്പാൻ, ഇന്ത്യ, റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ഇന്തോനേഷ്യ, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ഇൻഡെക്‌സിൽ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ. വളർച്ചയുടെ കാര്യത്തിൽ അമേരിക്ക മുൻ വർഷത്തേതിൽ നിന്നും ഉയർച്ച കൈവരിച്ചു. രണ്ട് സുപ്രധാന റാങ്കിംഗുകളിൽ അമേരിക്ക ചൈനയെ മറികടക്കുകയും ചെയ്തിട്ടുണ്ട്.

