‘എംഎല്‍എമാരുടെ മക്കളെ നിയമിച്ചാല്‍, പ്രസിഡന്റിന്റെ മക്കള്‍ക്കും നിയമനം നല്‍കേണ്ടി വരും’; സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: എംഎല്‍എമാരുടെ മക്കള്‍ക്കോ ആശ്രിതര്‍ക്കോ ആശ്രിതനിയമനം നല്‍കാന്‍ പാടില്ലെന്നും അങ്ങനെ ഉണ്ടായാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കള്‍ക്ക് വരെ ആശ്രിത നിയമനം നല്‍കേണ്ടി വരുമെന്ന് രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയായിരുന്നു ഹൈക്കോടതി.

യോഗ്യരായവര്‍ പുറത്തുള്ളപ്പോള്‍ ഇത്തരക്കാര്‍ ജോലിയില്‍ പ്രവേശിക്കന്നത് സാമൂഹിക വിവേചനത്തിന് കാരണമാകും. സര്‍ക്കാര്‍ ജീവനക്കാര്‍ മരണപ്പെട്ടാല്‍ അവരുടെ കുടുംബത്തിന് സഹായം നല്‍കാനുള്ളതാണ് ആശ്രിതനിയമനമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

നിയമനം അംഗീകരിച്ചാല്‍ സര്‍ക്കാരിനെ കയറൂരി വിടുന്നതിന് സമമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരം തീരുമാനങ്ങള്‍ വ്യാപകമായ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കാരണമാകുമെന്നും ഹൈക്കോടതി വിമര്‍ശിച്ചു.