‘സ്റ്റാറ്റസ് അണ്‍ഡൂ’ വുമായി വാട്‌സ്ആപ്പ് !

നിരന്തരമായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ മെസേജിങ് പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് വാട്‌സ്ആപ്പ് എന്നും ഏറെ മുന്നില്‍ തന്നെയാണ്. ഇത്തരം ഫീച്ചറുകള്‍ പുറത്തിറക്കുന്നതിന് മുമ്പ് വളരെയധികം പരീക്ഷണങ്ങളും കമ്പനി നടത്തുന്നു. വാട്‌സ്ആപ്പ് സ്റ്റാറ്റസുമായി ബന്ധപ്പെട്ടതാണ് പുതിയ ഫീച്ചര്‍. ഇത് സ്റ്റാറ്റസുകള്‍ ‘അണ്‍ഡൂ’ ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഐഫോണിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായിരിക്കും ആദ്യം സ്റ്റാറ്റസ് അണ്‍ഡൂ ഓപ്ഷന്‍ ലഭ്യമാകുക. പുറത്ത് വന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിന് ഒപ്പമാണ് പുതിയ ഫീച്ചര്‍ ലഭ്യമാകുക. ഉപയോക്താക്കള്‍ പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ പെട്ടെന്ന് തന്നെ അണ്‍ഡൂ ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ ഓപ്ഷന്‍. ഇതിന് ‘അണ്‍ഡൂ സ്റ്റാറ്റസ് അപ്ഡേറ്റ്‌സ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

നിങ്ങള്‍ ഒരു പുതിയ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞ് പെട്ടെന്ന് തന്നെ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യാന്‍ അവസരം നല്‍കുന്ന ഫീച്ചര്‍ ആണ് അണ്‍ഡൂ സ്റ്റാറ്റസ് അപ്ഡേറ്റ്‌സ്. സ്റ്റാറ്റസ് ഇട്ട് കഴിഞ്ഞ് കുറച്ച് നേരത്തേക്കാണ് ഇങ്ങനെ അണ്‍ഡൂ ഓപ്ഷന്‍ കാണാന്‍ കഴിയുക. ഈ നിശ്ചിത സമയത്തിനുള്ളില്‍ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് അവസരം ലഭിക്കുന്നു. നിങ്ങള്‍ എന്തെങ്കിലും ചിത്രങ്ങളോ കണ്ടന്റോ അബദ്ധത്തില്‍ പോസ്റ്റ് ചെയ്‌തെന്ന് കരുതുക. അതൊക്കെ മറ്റ് ആരെങ്കിലും കാണുന്നതിന് മുമ്പ് അതിവേഗം ഡിലീറ്റ് ചെയ്യാന്‍ പുതിയ ഷോര്‍ട്ട്കട്ട് സഹായിക്കും.

നിലവില്‍ തിരഞ്ഞെടുത്ത ഏതാനും ഐഒഎസ് വാട്‌സ്ആപ്പ് ബീറ്റ ടെസ്റ്റേഴ്‌സിന് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളു. ബീറ്റ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നത് അനുസരിച്ച് കൂടുതല്‍ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചേക്കും. നിങ്ങള്‍ക്ക് ഈ അപ്‌ഡേറ്റ് ലഭ്യമാണെങ്കില്‍ പ്ലേസ്റ്റോറില്‍ പോയി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. പിന്നീട് നിങ്ങള്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോഴെല്ലാം സ്‌ക്രീനിന്റെ താഴെ വലത് ഭാഗത്തായി ഓപ്ഷന്‍ കാണാന്‍ സാധിക്കും.