ഹാക്കിങ് അടക്കമുള്ള ഡിജിറ്റല്‍ അറ്റാക്കുകളില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്താന്‍ അക്കൗണ്ടുകള്‍ 2-ഫാക്ടര്‍ ഓതന്റിക്കേഷന് ഉപയോഗിച്ച് സുരക്ഷിതമാക്കുന്നത് ഫേസ്ബുക്ക് ഉടന്‍ തന്നെ നിര്‍ബന്ധമാക്കിയേക്കും. 2-ഫാക്ടര്‍ ഓതന്റിക്കേഷന് പ്രവര്‍ത്തനക്ഷമമാക്കുന്നത് അക്കൗണ്ടുകള്‍ക്ക് ഒരു അധിക ലെയര്‍ സുരക്ഷാ കവചം കൂടി നല്‍കും എന്നാണ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തില്‍ പെടുന്ന അക്കൗണ്ടുകള്‍, ഫേസ്ബുക്ക് ആപ്പ് ഉപയോഗിക്കുന്നത് തുടരാന്‍ 2-എഫ്എ ഓണാക്കേണ്ടതുണ്ട്. ഉയര്‍ന്ന അപകടസാധ്യതയുള്ള അക്കൗണ്ടായി ഫേസ്ബുക്ക് അംഗീകരിച്ചിട്ടുള്ള ഒരു ഉപയോക്താവ് സമയപരിധിക്കുള്ളില്‍ 2-എഫ്എ ഓണാക്കുന്നതില്‍ പരാജയപ്പെട്ടാല്‍, അവര്‍ക്ക് എഫ്ബി അക്കൗണ്ടിലേക്കുള്ള ആക്സസ് നഷ്ടമാകും. ഫേസ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ എന്നത്തേക്കുമായി ബ്ലോക്ക് ചെയ്യില്ലെങ്കിലും, ഉപയോക്താക്കള്‍ അവരുടെ അക്കൗണ്ടുകളിലേക്കുള്ള ആക്സസ് വീണ്ടെടുക്കുന്നതിന് 2-എഫ്എ ഓണാക്കേണ്ടതുണ്ട്.
2-ഫാക്ടര്‍ ഓതന്റിക്കേഷന് എങ്ങനെ ചെയ്യാം?
ആദ്യം നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുക.
സെക്യൂരിറ്റി, ലോഗിന്‍ സെറ്റിങ്സിലേക്ക് പോയി എഡിറ്റ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
നിങ്ങള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന സെക്യൂരിറ്റി മെതേഡ് തിരഞ്ഞെടുത്ത് ഓണ്‍ സ്ക്രീന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
2-ഫാക്ടര്‍ ഓതന്റിക്കേഷന് എനേബിള്‍ ചെയ്ത് കഴിഞ്ഞാല്‍ ഫിനിഷ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
ഇത്രയും സ്റ്റെപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നിങ്ങളുടെ എഫ്ബി അക്കൗണ്ട് 2-ഫാക്ടര്‍ ഓതന്റിക്കേഷന്റെ അധിക സുരക്ഷാ വലയത്തില്‍ ആയിക്കഴിഞ്ഞിരിക്കും. നിങ്ങള്‍ പൊതു സംവാദങ്ങളില്‍ അടക്കം സജീവ ഇടപെടല്‍ നടത്തുന്നവര്‍ ആണെങ്കില്‍ 2-ഫാക്ടര്‍ ഓതന്റിക്കേഷന് സഹായകരമായ ഫീച്ചര്‍ ആണ്. പ്രത്യേകിച്ചും അപകടകരമായ ഹാക്കിങ് ശ്രമങ്ങളില്‍ നിന്നും സംരക്ഷണം നല്കാന്.

