തിരുവനന്തപുരം: തിരുവല്ലയിലെ സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകം ഏറെ അപലപനീയവും, ദുഃഖകരവുമാണെന്ന് കെ കെ രമ. ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് ഒരു രക്തസാക്ഷിയെ മാത്രമല്ല, ജീവിതകാലം മുഴുവൻ മരിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങളെയും, സൗഹൃദങ്ങളെയും കൂടിയാണെന്ന് കെ കെ രമ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കെ കെ രമയുടെ പ്രതികരണം.
സംഘപരിവാറാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം പറയുന്നത്. കൃത്യമായ അന്വേഷണം നടത്തി ഈ അക്രമിസംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന് കഴിയണം. ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും ഇത് അവസാനത്തേത് ആകണമെന്ന് ആഗ്രഹിക്കുന്നൊരു സമൂഹത്തിന്റെ മുന്നിലേക്കാണ് നരാധമൻമാർ വീണ്ടും വീണ്ടും വാളെടുക്കുന്നതെന്ന് രമ വിമർശിച്ചു.
കൊലപാതകികളെ സംരക്ഷിക്കുകയും, അവർ മഹാന്മാരാണെന്ന ബോധം സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത് അവസാനിപ്പിച്ചാൽ മാത്രമേ ഇത്തരം ക്രൂര കൊലപാതകങ്ങൾ അവസാനിക്കുകയുള്ളു. സന്ദീപിന്റെ വിയോഗത്തിൽ ആ കുടുംബത്തിനും,സുഹൃത്തുക്കൾക്കും,നാടിനുമുണ്ടായ തീരാനഷ്ടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കെ കെ രമ കൂട്ടിച്ചേർത്തു.

