‘വേണമെങ്കില്‍ കാലു പിടിക്കാം’; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വികാരാധീനനായി അല്‍ഫോണ്‍സ് കണ്ണന്താനം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന ആവശ്യത്തില്‍ വികാരാധീനനായി അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭയില്‍. കേരളം വലിയ ആശങ്കയിലാണെന്നും ഡാമിന് അപകടം സംഭവിച്ചാല്‍ ഏറ്റവും വലിയ ദുരന്തമാകുമെന്നും അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കി. ‘കാലു തൊട്ട് വന്ദിച്ച് ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ തയ്യാറാണ്. ഞങ്ങള്‍ പുതിയ ഡാം നിര്‍മ്മിക്കാം. നിങ്ങള്‍ വെള്ളം കൊണ്ടു പോകൂ. മീന്‍ പിടിക്കൂ. വൈദ്യുതി ഉണ്ടാക്കൂ. 35 ലക്ഷം ജീവന്‍ മാത്രം ഞങ്ങള്‍ക്ക് മതി, അദ്ദേഹം പറഞ്ഞു.

താന്‍ 1979ല്‍ ആ മേഖലയിലെ സബ് കളക്ടറായിരുന്നപ്പോള്‍ പുതിയ ഡാം എന്ന ആവശ്യം തമിഴ്നാട് അംഗീകരിച്ചുവെന്ന് കണ്ണന്താനം പറയുന്നു. ഈ രേഖയും സഭയില്‍ വച്ചു. 1980 ല്‍ ജലകമ്മീഷനും ഈ ആവശ്യം അംഗീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേസുകളില്‍ കേരളം തോറ്റിട്ടുണ്ടാകാം. എന്നാല്‍, കാലത്തിന്റെ ആവശ്യമാണ് പുതിയ ഡാം. ഇന്ത്യയാണ് പ്രധാനം. നമ്മള്‍ എല്ലാം ഇന്ത്യാക്കാരാണ്. ഈ വികാരത്തില്‍ മലയാളികളെ രക്ഷിക്കണം. ഹിരോഷിമയില്‍ 1.5 ലക്ഷം പേരാണ് ന്യൂക്ലിയര്‍ ബോംബില്‍ മരിച്ചത്. നാഗസാക്കിയില്‍ 75,000വും. മുല്ലപ്പെരിയാറില്‍ 35 ലക്ഷം പേരാണ് ഭീതിയിലുള്ളത്. ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായി ഇത് മാറും. അതുകൊണ്ട് കേന്ദ്രം ഇടപെടണം. സഭയിലെ അംഗങ്ങളെല്ലാം കേരളത്തിന് വേണ്ടി ഒന്നിക്കണം.-കണ്ണന്താനം ആവശ്യപ്പെട്ടു. കണ്ണന്താനത്തിന്റെ ഈ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര. കേരളത്തില്‍ വളര്‍ന്ന് ഷില്ലോഗില്‍ പഠിച്ച ഐ എ എസുകാരനാണ് ഞാന്‍. ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ അംഗം. എന്നിട്ടും ഞാന്‍ വാദിക്കുന്നത് കേരളത്തിന് വേണ്ടിയാണ്-വികാരങ്ങള്‍ മറിച്ചു വെക്കാതെ കണ്ണന്താനം പറഞ്ഞു. അതേസമയം, കേരളത്തിനുവേണ്ടി അഭിനന്ദനാര്‍ഹമായ പ്രകടനത്തിന് കണ്ണന്താനത്തിന് ബിഗ് സല്യൂട്ട്, ഇങ്ങനെ പ്രകടനം കാഴ്ചവെക്കുന്നവരാണ് പാര്‍ലിമെന്റില്‍ എത്തേണ്ടത് എന്ന രീതിയിലുള്ള കമന്റുകളാണ് ഇങ്ങനെ മലയാളികള്‍ നല്‍കുന്നത്.

70 കൊല്ലം രാഷ്ട്രീയം നോക്കിയിട്ട് ഒരു കാര്യവും ഉണ്ടായില്ല ഇനി കുറച്ചുകാലം രാഷ്ട്രീയം നോക്കാതെ ഒന്നിച്ച് നില്‍ക്കുന്നതാണ് നല്ലത്. കുറഞ്ഞപക്ഷം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എങ്കിലും. കാരണം മുല്ലപ്പെരിയാറില്‍ എന്തെങ്കിലും സംഭവിച്ചാല്‍ 30-40 ലക്ഷം ജനങ്ങള്‍, വസ്തുവകകള്‍, പക്ഷി മൃഗാധികള്‍ ഭൂലോകത്ത് നിന്നും തുടച്ചു മാറ്റപ്പെടും. ഇടതും വലതും എന്തെങ്കിലും ചെയ്യും എന്ന് ഇനിയും കരുതുന്നത് ഭൂലോക മണ്ടത്തരം എന്നെ പറയാന്‍ കഴിയൂ. ഇപ്പൊള്‍ കാണിക്കുന്നത് വെറും നാട്യങ്ങള്‍ മാത്രമാണ്. അത് പറയാന്‍ കാരണം രാജഭരണകാലത്ത് രൂപീകരിക്കപ്പെട്ട കരാര്‍ അച്യുതമേനോന്‍ മന്ത്രിസഭയാണ് തമിഴ്നാടിന് അനുകൂലമായ രീതിയില്‍ പുതുക്കി നല്‍കിയത്. എന്നിട്ടും കേരളം വീണ്ടൂം വീണ്ടൂം അവരെ വിശ്വസിക്കുന്നു എന്നത് അമ്പരപ്പിക്കുന്നു-കണ്ണന്താനം ചൂണ്ടിക്കാട്ടുന്നു.