‘ഞങ്ങളുടെ ദീര്‍ഘകാല നായകന്‍ സഞ്ജു തന്നെ’; കുമാര്‍ സംഗകാര

മലയാളി താരം സഞ്ജു സാംസണിനെ നിലനിര്‍ത്താന്‍ അധികം ആലോചിക്കേണ്ടി വന്നില്ലെന്ന് ടീം ഡയറക്ടറായ കുമാര്‍ സംഗകാര. ഫ്രാഞ്ചൈസി വിടുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യ താരമായിട്ട് തന്നെയായിരുന്നു സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. 14 കോടി രൂപക്കാണ് സഞ്ജു ടീമില്‍ തുടരുന്നത്.

സഞ്ജുവിനെ രാജസ്ഥാന്‍ ദീര്‍ഘകാല നായകനായാണ് കാണുന്നതെന്നും ക്യാപ്റ്റനെന്ന നിലയില്‍ അതുകൊണ്ട് തന്നെ സഞ്ജുവിനെ നിലനിര്‍ത്തുന്നതിനെ കുറിച്ച് അധികം തലപുകക്കേണ്ടി വന്നില്ലെന്നും സംഗകാര പറഞ്ഞു. നല്ല കഴിവുള്ള താരമാണ് സഞ്ജു. ഓരോ സീസണിലും മിന്നുന്ന പ്രകടനം നടത്തി സഞ്ചു സാംസണ്‍ താന്‍ ഒരു മുതല്‍ക്കൂട്ട് ആണെന്ന് തെളിയിക്കുകയാണെന്നാണ് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്റെ പ്രതികരണം.

സഞ്ജുു സാംസണ്‍, ജോസ് ബട്ട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരാണ് നിലവിലുള്ളത്. ഭാവിയിലെ താരമെന്ന നിലയിലാണ് യശസ്വി ജയ്‌സ്വാളിനെ ടീമില്‍ നിലനിര്‍ത്തിയതെന്ന് സംഗക്കാര വെളിപ്പെടുത്തി. ജോസ് ബട്‌ലറിന് എന്ത് ചെയ്യാന്‍ കഴിയും എന്ന് ലോകം കണ്ടതാണെന്നും ടോപ് ഓര്‍ഡറിലും മധ്യനിരയിലുമെല്ലാം ഒരുപോലെ ബാറ്റ് ചെയ്യാന്‍ ബട്ലര്‍ക്കാവും എന്നും ഇതിഹാസ താരം കൂട്ടിച്ചേര്‍ത്തു.