ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 300 സീറ്റ് തികയ്ക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് വ്യക്തമാക്കി മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. 2024 ലും കോൺഗ്രസ് 300 സീറ്റുകൾ നേടുമെന്ന് തനിക്ക് യാതൊരു ഉറപ്പുമില്ലെന്ന് അദ്ദേഹം പറഞ്ഞു. 300 സീറ്റുകൾ നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. അത് നേടാൻ ദൈവം അനുഗ്രഹിക്കട്ടെയെന്നും എന്നാൽ അതിനുള്ള യാതൊരു സാദ്ധ്യതയും ഇപ്പോൾ കാണുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിലെ ഒരു റാലിയിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിക്കോ കേന്ദ്രസർക്കാരിനോ മാത്രമേ കഴിയൂവെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, ഗുലാം നബി ആസാദിന്റെ പ്രസ്താവനക്കെതിരെ വിമർശനവുമായി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഒമർ അബ്ദുള്ള രംഗത്തെത്തി. ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ബിജെപിയുടെ പ്രകടന പത്രികയിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സംസ്ഥാന പദവി പിൻവലിക്കുന്നതിനും മുൻ സംസ്ഥാനമായ ജമ്മു കാശ്മീരിന്റെ വിഭജനത്തിനും പിന്നിൽ യുക്തിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

