വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിച്ച് പേടിഎം

ന്യൂഡല്‍ഹി: പുതിയ പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിച്ച് പേടിഎം പേയ്മെന്റ്‌സ് ബാങ്ക് ലിമിറ്റഡ്. മെട്രോ, റെയില്‍, ബസ് തുടങ്ങിയ യാത്രാ മാര്‍ഗങ്ങള്‍ക്കും ടോള്‍-പാര്‍ക്കിങ് ചാര്‍ജ് നല്‍കാനും ഈ കാര്‍ഡ് ഇനി ഉപയോഗിക്കാം. കൂടാതെ, വ്യാപാര സ്ഥാപനങ്ങളില്‍ ഓഫ്ലൈന്‍ പേയ്മെന്റുകള്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും മറ്റ് അനേക ആവശ്യങ്ങള്‍ക്കും കാര്‍ഡ് ഉപകാരപ്രദമാണ്.

പേടിഎം ട്രാന്‍സിറ്റ് കാര്‍ഡിന്റെ അവതരണം ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍ക്ക് ഏത് തരത്തിലുള്ള യാത്രക്കും ബാങ്കിങ് ഇടപാടുകള്‍ക്കും ഉപയോഗപ്രദമാണെന്നും ദേശീയ പൊതുയാത്രാ കാര്‍ഡിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തെ ഡിജിറ്റല്‍വല്‍ക്കരണത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പേടിഎം പേയ്മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ സതീശ് ഗുപ്ത പറഞ്ഞു.

എ.ടി.എമ്മുകളില്‍നിന്നും പണം പിന്‍വലിക്കാനും കാര്‍ഡ് ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്ക് പലവിധ ആവശ്യങ്ങള്‍ക്കായി ഒന്നിലധികം കാര്‍ഡുകള്‍ കൊണ്ടുനടക്കേണ്ട അവസ്ഥ ഇതോടെ ഒഴിവാകും. പേടിഎം ആപ്പില്‍ തന്നെ കാര്‍ഡിനായി അപേക്ഷിക്കാനും റീചാര്‍ജ് ചെയ്യാനും എല്ലാ ഇടപാടുകളും ട്രാക്ക് ചെയ്യാനുമുള്ള ഡിജിറ്റല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കാര്‍ഡ് വീടുകളിലെത്തും, അല്ലെങ്കില്‍ ആവശ്യമായ ഇടത്തെ സെയില്‍സ് പോയിന്റില്‍നിന്നും സ്വീകരിക്കാം. പ്രീപെയ്ഡ് കാര്‍ഡ് നേരിട്ട് പേടിഎം വാലറ്റുമായി ലിങ്ക് ചെയ്യും. ഉപയോക്താക്കള്‍ക്ക് വാലറ്റ് ടോപ്പ്-അപ്പ് ചെയ്ത് ട്രാന്‍സിറ്റ് കാര്‍ഡ് ഉപയോഗിക്കാം. പ്രത്യേക അക്കൗണ്ട് സൃഷ്ടിക്കേണ്ട.
ഹൈദരാബാദ് മെട്രോ റെയിലുമായി ചേര്‍ന്നാണ് പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നത്.