ദേശീയ ഗാനത്തോട് മമതാ ബാനര്‍ജി അനാദരവ് കാണിച്ചെന്ന പരാതിയുമായി ബിജെപി നേതാവ്‌

മുംബൈ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന പരാതിയുമായി ബിജെപി നേതാവ്. ഇരിക്കുന്ന സ്ഥാനത്ത് വെച്ച് ദേശീയ ഗാനത്തോട് തികഞ്ഞ അനാദരവ് കാണിക്കുകയും നാലഞ്ച് വരികള്‍ പാടി പെട്ടന്ന് അവസാനിപ്പിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് മമതക്കെതിരെ ബിജെപി മുംബൈ സെക്രട്ടറി അഡ്വക്കേറ്റ് വിവേകാനന്ദ് ഗുപ്ത പോലീസില്‍ പരാതി നല്‍കിയത്.

മമതയുടെ പ്രവൃത്തികള്‍ ദേശീയഗാനത്തോടുള്ള അനാദരവാണെന്നും 1971ലെ ദേശീയ ബഹുമാനത്തെ അപമാനിക്കുന്നത് തടയല്‍ നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം അവര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു. മമതാ ബാനര്‍ജി ഇരുന്നുകൊണ്ട് ദേശീയഗാനം ആരംഭിക്കുന്നതും പാതിവഴിയില്‍ പെട്ടെന്ന് നിര്‍ത്തുന്നതുമായ വീഡിയോ ആണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്.

മുംബൈ പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍, മമത ഇരുന്ന സ്ഥാനത്ത് ദേശീയ ഗാനം ആലപിക്കാന്‍ തുടങ്ങിയെന്നും, തുടര്‍ന്ന് എഴുന്നേറ്റു നാലോ അഞ്ചോ വരികള്‍ക്കു ശേഷം ദേശീയ ഗാനം പെട്ടെന്ന് നിര്‍ത്തിയെന്നും വ്യക്തമാക്കുന്നു. ‘ദേശീയ ഗാനം നമ്മുടെ ദേശീയ സ്വത്വത്തിന്റെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്നാണ്. അധികാര സ്ഥാനത്ത് ഇരിക്കുന്ന ആളുകള്‍ക്ക് ഒരിക്കലും അതിനെ ഇകഴ്ത്താന്‍ സാധിക്കില്ല. ബംഗാള്‍ മുഖ്യമന്ത്രി പാടിയ നമ്മുടെ ദേശീയഗാനത്തിന്റെ വികൃതമായ പതിപ്പ് ഇതാ’- എന്നാണ് വിഷയത്തെ പറ്റി ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.