ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് വളരെ വിരളമായിരിക്കും. ചില അവസരങ്ങളില്‍ നമ്മുടെ ഡിവൈസ് ഇന്റര്‍നെറ്റ് സ്പീഡ് കുറയാന്‍ കാരണമാകാറുണ്ട്. ഫോണില്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ മാത്രം മതി നമുക്ക് ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കാന്‍. ഇതിനുള്ള വഴികളാണ് താഴെ പറയുന്നത്.
ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക
നിങ്ങള്‍ ഉപയോഗിക്കാത്ത ചില ആപ്പുകള്‍ ഇന്റര്‍നെറ്റ് ബാന്‍ഡ്വിഡ്ത്ത് ഉപയോഗിക്കുന്നുണ്ടാകും. ബാക്ഡ്രൗണ്ടില് പ്രവര്‍ത്തിക്കുകയും വേഗത കുറയ്ക്കുകയും ചെയ്യുന്ന ആപ്പുകള്‍ ഫോണില്‍ നിന്നും നീക്കം ചെയ്യുക. ഇന്റര്‍നെറ്റിനായി കുറച്ച് മെമ്മറിയും ബാന്‍ഡ്വിഡ്ത്തും ലഭിക്കുന്നതിന് ഇത് സഹായിക്കുന്നു.
കാഷെ ക്ലിയര്‍ ചെയ്യുക
നമ്മുടെ ഫോണില്‍ സ്വയമേവ കാഷെ നിറയും. ഇത് ഫോണിന്റെ വേഗതയെ പോലും ബാധിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണില്‍ ഇന്റര്‍നെറ്റ് വേഗത്തിലാക്കാന്‍ കാഷെ ക്ലിയര്‍ ചെയ്യുക. സാധാരണയായി നിങ്ങളുടെ സെര്‍ച്ച് ഹിസ്റ്ററി ഇല്ലാതാക്കുന്നതിലൂടെയാണ് ഇത് ചെയ്യുന്നത്.
ബ്രൗസര്‍ ടെക്സ്റ്റ് മോഡ്
നിങ്ങളുടെ ഫോണില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ചിത്രങ്ങള്‍ കാണേണ്ട എന്നാണ് എങ്കില്‍ ടെക്സ്റ്റ് മോഡ് എന്ന ലളിതമായ ഫീച്ചര്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ബ്രൗസര്‍ ആപ്പില്‍ വരുന്ന ടെക്സ്റ്റ് മോഡ് ഫീച്ചര്‍ എനേബിള്‍ ചെയ്യുന്നതിലൂടെ വെബ്സൈറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന വേഗത വളരെയധികം വര്‍ധിക്കുന്നു.
ഓഫ് ചെയ്ത് ഓണാക്കുക
ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കാന്‍ ലളിതവും എന്നാല്‍ ഫലപ്രദവുമായ ഒരു മാര്‍ഗ്ഗമാണ് നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന് ഓഫാക്കി ഓണാക്കാന്‍ ശ്രമിക്കുക എന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഫോണിന് യഥാര്‍ത്ഥ ഇന്റര്‍നെറ്റ് കണക്ഷന് റിഫ്രഷ് ചെയ്യാനുള്ള അവസരം ലഭിക്കുന്നു. ഫ്ലൈറ്റ് മോഡ് ഓണ്‍ ചെയ്താലും ഇതേ പ്രവര്‍ത്തനം നടക്കുന്നു.
നെറ്റ്വര്‍ക്ക് ടൈപ്പ്
സ്മാര്‍ട്ട്ഫോണ്‍ സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായ വേഗതയും വര്‍ദ്ധിക്കുന്നുണ്ട്. 3ജി നെറ്റ്വര്‍ക്കിനെ 4ജി മറികടന്നു, ഇപ്പോള്‍ ചില രാജ്യങ്ങളില്‍ 5ജിയും ലഭ്യമായി തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ഫോണ്‍ സെറ്റിങ്സില്‍ സെല്ലുലാര്‍ നെറ്റ്വര്‍ക്ക് കണക്ഷന് സെറ്റിങ്സ് വിഭാഗത്തില്‍ നിന്ന് 4ജി തിരഞ്ഞെടുക്കുക.
മാക്സിമം ലോഡിംഗ് ഡാറ്റ ഓപ്ഷന്
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന് വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഒരു സെറ്റിങ്സ് ഉണ്ട്. വയര്‍ലെസ്, നെറ്റ്വര്‍ക്ക് സെറ്റിങ്സില്‍ ഇന്റര്‍നെറ്റ് വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായി നിങ്ങള്‍ക്ക് മാക്സിമം ലോഡിങ് ഡാറ്റ എന്ന ഓപ്ഷന് തിരഞ്ഞെടുക്കാം.
ആഡ് ബ്ലോക്കര്‍
നിങ്ങള്‍ ഒരു പേജ് ലോഡ് ചെയ്യുകയും പോപ്പ്-അപ്പ് ബ്ലോക്കര്‍ ഉപയോഗിച്ചില്ലെങ്കില്‍ പരസ്യങ്ങള്‍ കയറിവരികയും ചെയ്യും. ഇത് ലോഡ് ചെയ്യാന്‍ അനാവശ്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടി വരും. പോപ്പ്-അപ്പില്‍ ടെക്സ്റ്റുകളും ലിങ്കുകളും ചിത്രങ്ങളും ഉണ്ടായിരിക്കും. പോപ്പ്-അപ്പ് ബ്ലോക്കര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചാല്‍ ഇത്തരം പരസ്യങ്ങളെ ഒഴിവാക്കാന്‍ സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇത്തരത്തിലുള്ള നിരവധി ആപ്പുകള്‍ ലഭ്യമാണ്.
വേഗത കൂട്ടുന്ന ആപ്പ്
നിങ്ങളുടെ ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഫോണിലെ ഇന്റര്‍നെറ്റ് വേഗത കുറയുമ്പോള്‍ കണക്ഷന് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുള്ള നിരവധി ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ഉണ്ട്.

