എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കില്ല; നിലപാട് വ്യക്തമാക്കി വെങ്കയ്യ നായിഡു

ന്യൂഡൽഹി: രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 പ്രതിപക്ഷ എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി സഭാ ചെയർമാൻ വെങ്കയ്യ നായിഡു. സസ്പെൻഷനിലായ എംപിമാർ തങ്ങളുടെ പ്രവർത്തനത്തിൽ ഖേദപ്രകടനം നടത്താൻ തയ്യാറായിട്ടില്ലെന്നും അതിനാൽ നടപടി പിൻവലിക്കില്ലെന്നാണ് അദ്ദേഹം അറിയിക്കുന്നത്.

എംപിമാർക്കെതിരായ നടപടി പിൻവലിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യം പരിഗണിക്കില്ല. എംപിമാരെ സസ്‌പെൻഡ് ചെയ്തത് സഭയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സമ്മേളനത്തിൽ ഇൻഷുറൻസ് ബിൽ ചർച്ചയ്ക്കെടുത്തപ്പോൾ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എംപിമാരെയാണ് ഈ സമ്മേളനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നത്.

അതേസമയം സസ്പെൻഷൻ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ നിന്ന് ഇറങ്ങി പോയി. കോൺഗ്രസ്, ഡിഎംകെ, എസ്പി, ഇടതുപാർട്ടികൾ, ആർജെഡി, ആംആദ്മി പാർട്ടി എന്നിവരാണ് സഭയിൽ നിന്ന് ഇറങ്ങി പോയത്. എന്നാൽ തൃണമൂൽ കോൺഗ്രസ് എംപിമാർ സഭയിൽ തന്നെ തുടർന്നു. സി.പി.എം. രാജ്യസഭാകക്ഷി നേതാവ് എളമരം കരീം, സി.പി.ഐ. രാജ്യസഭാകക്ഷി നേതാവ് ബിനോയ് വിശ്വം എന്നിവരുൾപ്പെടെ 12 എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തത്.